മെയ്‌ 19, 2025
#latest news #News #Top News

ഇന്ത്യാ-പാക് സംഘര്‍ഷം; പ്രധാനമന്ത്രിയുടെ വസതിയില്‍ നരേന്ദ്ര മോദിയും അജിത് ഡോവലും കൂടിക്കാഴ്ച നടത്തി.

Narendra Modi Prime Minister of India

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും പ്രധാനമന്ത്രിയുടെ വസതിയില്‍ കൂടിക്കാഴ്ച നടത്തി. പാക്കിസ്ഥാനെതിരായ ‘ഓപ്പറേഷൻ സിന്ദൂർ’ ശേഷമുള്ള അതിർത്തി സാഹചര്യങ്ങളും തുടർന്നുണ്ടായ സംഭവ വികാസങ്ങളും ചർച്ച ചെയ്യാനായിരുന്നു കൂടിക്കാഴ്ച. സർവകക്ഷി യോഗത്തിനു മുന്നോടിയായിട്ടാണ് ഇരുവരും സമ്പർക്കം സ്ഥാപിച്ചത്.

പഹൽഗാമിലെ ഭീകരാക്രമണത്തിന് തുടർന്നുള്ള ഇന്ത്യൻ കരസേനയുടെ നടപടിയാണ് ഓപ്പറേഷൻ സിന്ദൂർ. പാക്കിസ്ഥാനിലെ ഒമ്പത് ഭീകരക്യാമ്പുകൾ ആക്രമിച്ച ഈ സൈനികപ്രവർത്തനത്തിന് രണ്ടാമത്തെ ഘട്ടം ഉടൻ ഉണ്ടാകുമെന്ന് സൂചന. ഇന്ത്യയുടെ പട്ടികയിലുളള 21 ഭീകര കേന്ദ്രങ്ങളിൽ ഒമ്പതെണ്ണം  മാത്രമാണ് ഇപ്പോഴത്തെ ആക്രമണത്തിൽ ലക്ഷ്യമിട്ടത്. ഭാവിയിൽ കൂടുതൽ തീവ്രവാദ കേന്ദ്രങ്ങൾ ഇന്ത്യയുടെ ടാർഗറ്റിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.

പാകിസ്ഥാൻ സൈനിക കേന്ദ്രങ്ങൾ പോലും ലക്ഷ്യമിടാൻ മടിക്കില്ലെന്ന മുന്നറിയിപ്പാണ് ഇന്ത്യ നൽകുന്നത്. നിയന്ത്രണ രേഖയിലുളള സാധാരണ ജനങ്ങൾ നേരിടുന്ന ഭീഷണികൾക്കു ശക്തമായ മറുപടി നൽകാനാണ് ഇന്ത്യൻ സൈന്യത്തിന് നിർദ്ദേശം.

ഇതിനിടെ അതിർത്തിയിൽ സ്ഥിതി ഗതികൾ ഗുരുതരമായ സാഹചര്യത്തിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തിൽ, ബോർഡറിന്  ചേർന്ന സംസ്ഥാനങ്ങളിൽ ആവശ്യമായ ഉത്പന്നങ്ങളുടെ കൃത്യമായ വിതരണം ഉറപ്പാക്കണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ നിർദേശിച്ചു. ദുരന്തനിവാരണ സേന, സിവിൽ ഡിഫൻസ്, ഹോം ഗാർഡുകൾ തുടങ്ങിയ ഘടകങ്ങൾ ഏത് സാഹചര്യത്തെയും നേരിടാൻ സജ്ജരാവണമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു