ഖത്തർ എയർവേസ് ബോയിങ് 777 വിമാനങ്ങളിൽ അതിവേഗ ഇന്റർനെറ്റ് സേവനം; സ്റ്റാർലിങ്ക് സംവിധാനം 9 മാസത്തിൽ പൂർത്തിയായി.
ദോഹ: 2025-ലെ മികച്ച എയർലൈൻ അവാർഡ് നേടിയ ഖത്തർ എയർവേസ്, അതിന്റെ മുഴുവൻ ബോയിങ് 777 വിമാനങ്ങളിലേക്കും സ്റ്റാർലിങ്ക് അതിവേഗ ഇന്റർനെറ്റ് സേവനം ഒരുക്കിയതായി അറിയിച്ചു. 54 ബോയിങ് 777 വിമാനങ്ങളിലേക്കുള്ള സജ്ജീകരണം വെറും 9 മാസത്തിനുള്ളിൽ പൂർത്തിയാക്കിയതിലൂടെ, ഈ പദ്ധതി ആധുനികതയിലും വേഗത്തിലും റെക്കോർഡ് തിരുത്തിയതായി ഖത്തർ എയർവേസ് വ്യക്തമാക്കി.
ആദ്യഘട്ടത്തിൽ രണ്ട് വർഷം കൊണ്ട് സജ്ജീകരണം പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ അതിൽ കുറഞ്ഞ കാലയളവിൽ പദ്ധതിയെ വിജയകരമായി യാഥാർഥ്യമാക്കിയ ഖത്തർ എയർവേസ്, സ്റ്റാർലിങ്ക് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഏറ്റവും കൂടുതൽ വൈഡ് ബോഡി വിമാനങ്ങളുള്ള എയർലൈൻ എന്ന നേട്ടവും സ്വന്തമാക്കി.
മിഡിൽ ഈസ്റ്റ്-വടക്കൻ ആഫ്രിക്ക (MEN) മേഖലയിൽ സ്റ്റാർലിങ്ക് ഇൻഫ്ലൈ ഇന്റർനെറ്റ് സേവനം നൽകുന്ന ഏക എയർലൈൻ കൂടിയാണ് ഖത്തർ എയർവേസ്. ബോയിങ് 777 വിമാനങ്ങളിൽ സജ്ജീകരണം പൂർത്തിയായതിനു പുറമെ, എയർബസ് A350 വിമാനങ്ങളിലേക്കും സ്റ്റാർലിങ്ക് സേവനം വ്യാപിപ്പിക്കാനാണ് കമ്പനിയുടെ ശ്രമം.
പ്രിമിയം കാബിനുകളും ഇക്കണോമി ക്ലാസ്സുകളും ഉൾപ്പെടെ എല്ലാ യാത്രക്കാർക്കും പരമാവധി 500 Mbps വേഗതയിൽ സൗജന്യ വൈഫൈ ലഭ്യമാകും. ഫ്ലൈറ്റിനുള്ളിൽ തന്നെ സ്ട്രീമിംഗ്, ഗെയിമിംഗ്, വെബ് ബ്രൗസിംഗ് തുടങ്ങിയ സേവനങ്ങൾ തടസ്സമില്ലാതെ ഉപയോഗിക്കാനുള്ള അവസരമാണ് കമ്പനി ഒരുക്കുന്നത്.
2024 ഒക്ടോബറിൽ സ്റ്റാർലിങ്ക് സംവിധാനം ആദ്യമായി ഘടിപ്പിച്ച ബോയിങ് 777 വിമാനം പുറത്തിറങ്ങിയതിനുശേഷം, ഇതുവരെ 15,000-ത്തിലധികം സ്റ്റാർലിങ്ക് കണക്ടഡ് സർവീസുകൾ ഖത്തർ എയർവേസ് നടത്തിക്കഴിഞ്ഞു. ലോകോത്തര സേവനത്തിന്റെയും സാങ്കേതിക നവീകരണത്തിന്റെയും മുഖമായിത്തന്നെ ഖത്തർ എയർവേസ് യാത്രക്കാർക്ക് മികച്ച അനുഭവം നൽകാൻ തുടരുമെന്ന് ഗ്രൂപ്പ് CEO എഞ്ചിനീയർ ബദർ മുഹമ്മദ് അൽ മീർ വ്യക്തമാക്കി

















































































































































































































































































































































































































































