തുർക്കിഷ് എയർലൈൻസ് വിമാനത്തിന്റെ എൻജിനിൽ തീപിടിത്തം; കൊൽക്കത്തയിൽ അടിയന്തര ലാൻഡിങ്, എല്ലാവരും സുരക്ഷിതർ
കൊൽക്കത്ത: കാഠ്മണ്ഡുവിൽ നിന്ന് ഇസ്താംബൂളിലേക്ക് സർവീസ് നടത്തുകയായിരുന്ന തുർക്കിഷ് എയർലൈൻസ് വിമാനത്തിന്റെ എൻജിനിൽ തീപിടിത്തമുണ്ടായതിനെ തുടർന്ന് കൊൽക്കത്ത നെതാജി സുഭാഷ് ചന്ദ്ര ബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി. തുർക്കിഷ് എയർലൈൻസ് 727 നമ്പർ വിമാനത്തിലാണ് സംഭവം റിപ്പോർട്ട് ചെയ്തത്. വിമാനത്തിൽ ഉണ്ടായിരുന്ന 255 യാത്രക്കാരെയും ക്രൂ അംഗങ്ങളെയും സുരക്ഷിതമായി പുറത്തിറക്കിയതായി അധികൃതർ അറിയിച്ചു.
ഇന്ന് ഉച്ചയ്ക്ക് 1.30ഓടെ കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട വിമാനത്തിന്റെ വലത് എൻജിനിലാണ് ആകാശത്ത് വച്ച് തീപിടിത്തം കണ്ടെത്തിയത്. സാങ്കേതിക മുന്നറിയിപ്പ് ലഭിച്ച ഉടൻ പൈലറ്റ് എൻജിൻ താൽക്കാലികമായി ഓഫ് ചെയ്യുകയും, സുരക്ഷാ നടപടികൾ സ്വീകരിച്ച് ഏറ്റവും സമീപമുള്ള വലിയ വിമാനത്താവളമായ കൊൽക്കത്തയിലേക്ക് വഴിതിരിച്ചുവിടുകയുമായിരുന്നു.
വിമാനം ലാൻഡ് ചെയ്ത ഉടൻ അഗ്നിശമന സേനയും വിമാനത്താവളത്തിലെ എമർജൻസി ടീമുകളും റൺവെയിൽ സജ്ജമായിരുന്നു. തീ പൂർണമായും നിയന്ത്രണവിധേയമാക്കിയ ശേഷം യാത്രക്കാരെ ക്രമബദ്ധമായി വിമാനത്തിൽ നിന്ന് പുറത്തിറക്കി. ആരെയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട സാഹചര്യം ഉണ്ടായിട്ടില്ലെന്ന് വിമാനത്താവള അധികൃതർ വ്യക്തമാക്കി.
സംഭവത്തെ തുടർന്ന് വിമാന സർവീസുകളിൽ ചെറിയ സമയതാമസം ഉണ്ടായെങ്കിലും, പിന്നീട് വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ സാധാരണ നിലയിലായി. തുർക്കിഷ് എയർലൈൻസിന്റെ സാങ്കേതിക സംഘം വിമാനത്തിന്റെ വിശദമായ പരിശോധന ആരംഭിച്ചിട്ടുണ്ട്. എൻജിൻ തകരാറിന്റെ കാരണം കണ്ടെത്താൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അടക്കമുള്ള ബന്ധപ്പെട്ട ഏജൻസികളും അന്വേഷണം നടത്തും.
യാത്രക്കാരുടെ സുരക്ഷയാണ് ഏറ്റവും മുൻഗണനയെന്ന് തുർക്കിഷ് എയർലൈൻസ് അറിയിച്ചു. ബദൽ ക്രമീകരണങ്ങളിലൂടെ യാത്രക്കാർക്ക് തുടർ യാത്ര ഉറപ്പാക്കുമെന്നും കമ്പനി അറിയിച്ചു.

















































































































































































































































































































































































































































