പാസ്പോർട്ട് തിരികെ ആവശ്യപ്പെട്ട് ദിലീപ് കോടതിയെ സമീപിച്ചു; നടി ആക്രമണ കേസിലെ ശിക്ഷ വിധി ഇന്ന്
നടൻ ദിലീപ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ തന്റെ സറണ്ടർ ചെയ്ത പാസ്പോർട്ട് തിരികെ ലഭിക്കാൻ അപേക്ഷ നൽകി. ജാമ്യ വ്യവസ്ഥയുടെ ഭാഗമായി പാസ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നതാണ്. നടിയെ ആക്രമിച്ച കേസിൽ നിന്ന് പൂർണ്ണമായി കുറ്റവിമുക്തനാക്കിയതിന് ശേഷം ദിലീപ് കോടതിയെ സമീപിക്കുന്ന ഇത് ആദ്യ നടപടിയാണ്.
നടിയെ ആക്രമിച്ച കേസിലെ ആറ് പ്രതികളുടെയും ശിക്ഷാവിധി ഇന്ന് പ്രസ്താവിക്കാനാണ് സാധ്യത. കോടതിയുടെ ലിസ്റ്റിലുള്ള മറ്റ് കേസുകൾ പരിഗണിച്ചതിന് ശേഷമായിരിക്കും പ്രതികൾക്കുള്ള ശിക്ഷ പ്രഖ്യാപിക്കുക. കോടതിയുടെ നടപടികൾ ഇതിനകം തന്നെ ആരംഭിച്ചു.
പ്രോസിക്യൂഷൻ, ഒന്നാം പ്രതിയായ പൾസർ സുനി ഉൾപ്പെടെ ആറ് പ്രതികൾക്കും ജീവപര്യന്തം തടവ് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ഏഴര വർഷം തടവ് അനുഭവിച്ചുവെന്ന കാരണത്താൽ ശിക്ഷയിൽ ഇളവ് നൽകണം എന്നതാണ് പ്രതിഭാഗത്തിന്റെ വാദം.
കൂട്ടബലാത്സംഗം ഉൾപ്പെടെ, പരമാവധി 20 വർഷം വരെ കഠിന തടവ് അല്ലെങ്കിൽ ജീവപര്യന്തം തടവ് ലഭിക്കാവുന്ന 10 ഗുരുതര കുറ്റങ്ങൾ പ്രതികൾക്കെതിരെ തെളിഞ്ഞിട്ടുണ്ട്. ശിക്ഷ നിർണയിക്കുന്നതിന് മുൻപ് ഇരുവിഭാഗത്തിന്റെയും വാദം കോടതി കേൾക്കും. തുടർന്ന് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസ് ശിക്ഷ പ്രഖ്യാപിക്കും.

















































































































































































































































































































































































































































