ഇൻഡിഗോ സർവീസ് റദ്ദാക്കൽ: ആയിരങ്ങൾ വിമാനത്താവളങ്ങളിൽ കുടുങ്ങി; പ്രതിഷേധം വ്യാപിക്കുന്നു
രാജ്യത്തിന്റെ വിവിധ വിമാനത്താവളങ്ങളിൽ ഇൻഡിഗോ നടത്തിയ കൂട്ട സർവീസ് റദ്ദാക്കലുകൾ വലിയ യാത്രാ പ്രതിസന്ധിയിലേക്ക് നയിച്ചു. ദില്ലി, മുംബൈ അടക്കമുള്ള പ്രധാന നഗരങ്ങളിൽ ആയിരക്കണക്കിന് യാത്രക്കാർ മണിക്കൂറുകളോളം കുടുങ്ങി നിൽക്കേണ്ടി വന്നു. അപ്രതീക്ഷിതമായി നൂറുകണക്കിന് സർവീസുകൾ റദ്ദാക്കിയതോടെ യാത്രക്കാർ ശക്തമായ പ്രതിഷേധം ഉയർത്തി. യഥാർത്ഥ കാരണം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് പല വിമാനത്താവളങ്ങളിലും ആൾക്കൂട്ടം ആശങ്ക പ്രകടിപ്പിച്ചു.
ദില്ലിയിൽ മാത്രമായി ഇന്ന് 400-ലധികം സർവീസുകൾ റദ്ദാക്കപ്പെട്ടതോടെ വിമാനത്താവള പ്രവർത്തനം താറുമാറായി. മുംബൈ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ട 53 വിമാനങ്ങളും എത്തേണ്ട 51 സർവീസുകളും റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. ഛത്തീസ്ഗഡ്, ഗോവ, പട്ന, അഹമ്മദാബാദ് എന്നിവിടങ്ങളിലും സമാന പ്രതിസന്ധിയാണ്.
പുതിയ സുരക്ഷാ, പ്രവർത്തന മാനദണ്ഡങ്ങൾ പാലിക്കാൻ ഫെബ്രുവരി 10 വരെ സമയം വേണമെന്ന ഇൻഡിഗോയുടെ ആവശ്യം ഡിജിസിഎ അധികൃതർ തള്ളി. വേണ്ടത്ര സമയം നൽകിയിട്ടും നിർദേശങ്ങൾ പാലിക്കാനാവാത്തത് കമ്പനി വീഴ്ചയാണെന്ന് കേന്ദ്ര വ്യോമയാനമന്ത്രി വ്യക്തമാക്കി. പ്രശ്നം അടിയന്തരമായി പരിഹരിക്കാൻ ഇൻഡിഗോയോട് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യാത്രക്കാരോട് വിമാനക്കമ്പനികളുമായി നേരിട്ട് ബന്ധപ്പെട്ട് സർവീസ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് ദില്ലി വിമാനത്താവളം നിർദേശിച്ചു. തടസങ്ങൾ കുറയ്ക്കാനും പ്രവർത്തനങ്ങൾ സാധാരണ നിലയിലാക്കാനും നടപടികൾ തുടരുന്നുവെന്നും അധികൃതർ അറിയിച്ചു.









































































































































































































































































































































