മാർച്ച്‌ 7, 2026
#latest news #News #Sports

ടി20 ലോകകപ്പ്: ബംഗ്ലാദേശിന് ഐസിസിയുടെ സമയപരിധി; ജനുവരി 21ന് അന്തിമ തീരുമാനം

T20 World Cup

ധാക്ക: ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഐസിസി ടി20 ലോകകപ്പിൽ ബംഗ്ലാദേശ് പങ്കെടുക്കുന്ന കാര്യം സംബന്ധിച്ച അന്തിമ തീരുമാനം ജനുവരി 21നകം അറിയിക്കണമെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിനോട് (ബിസിബി) നിർദേശിച്ചു. ശനിയാഴ്ച ധാക്കയിൽ നടന്ന ചർച്ചകളിലാണ് ഈ സമയപരിധി ഐസിസി വ്യക്തമാക്കിയതെന്ന് അന്താരാഷ്ട്ര മാധ്യമമായ ഇഎസ്പിഎൻ ക്രിക്‌ഇൻഫോ റിപ്പോർട്ട് ചെയ്തു.

ടൂർണമെന്റിൽ ഇന്ത്യയ്ക്ക് പുറത്തുള്ള വേദിയിൽ മത്സരങ്ങൾ കളിക്കണമെന്ന നിലപാടിൽ ബിസിബി വീണ്ടും ഉറച്ചുനിന്നതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടി, കളിക്കാരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കയാണ് ബിസിബി ഉയർത്തുന്നത്. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയിൽ നടക്കുന്ന മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റുകയോ ഗ്രൂപ്പ് പുനഃക്രമീകരിക്കുകയോ ചെയ്യണമെന്ന ആവശ്യവുമായി ബംഗ്ലാദേശ് മുന്നോട്ട് വന്നത്.

ഇതിനിടെ, ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) നിർദേശപ്രകാരം ഐപിഎൽ 2026 സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (കെകെആർ) ടീമിൽ നിന്ന് ബംഗ്ലാദേശ് പേസർ മുസ്തഫിസുർ റഹ്മാനെ ഒഴിവാക്കിയതും വിവാദങ്ങൾക്ക് ഇടയാക്കി. ഈ സംഭവത്തിന് ശേഷമാണ് ബംഗ്ലാദേശ് ടീം ഇന്ത്യയിലേക്ക് അയക്കുന്നതിനെക്കുറിച്ച് ബിസിബി കൂടുതൽ ജാഗ്രത പുലർത്താൻ തുടങ്ങിയത്.

നിലവിലെ മത്സരക്രമം അനുസരിച്ച്, ബംഗ്ലാദേശ് ഗ്രൂപ്പ് സിയിലാണ് ഉൾപ്പെട്ടിരിക്കുന്നത്. ഇറ്റലി, ന്യൂസിലാൻഡ്, വെസ്റ്റ് ഇൻഡീസ്, നേപ്പാൾ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ. ഫെബ്രുവരി 7ന് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ വെസ്റ്റ് ഇൻഡീസിനെതിരെയാണ് ബംഗ്ലാദേശിന്റെ ഉദ്ഘാടന മത്സരം. ഗ്രൂപ്പ് ഘട്ടത്തിൽ കൊൽക്കത്തയിൽ രണ്ട് മത്സരങ്ങളും മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ഒരു മത്സരവും ബംഗ്ലാദേശ് കളിക്കേണ്ടതുണ്ട്.

എന്നാൽ, ശനിയാഴ്ച നടന്ന ചർച്ചകളിൽ ബംഗ്ലാദേശിനെയും അയർലൻഡിനെയും ഗ്രൂപ്പുകൾ പരസ്പരം മാറ്റുന്നതിനോ ആദ്യ മത്സരങ്ങൾ ശ്രീലങ്കയിൽ നടത്തുന്നതിനോ ഐസിസി സമ്മതിച്ചില്ലെന്നാണ് റിപ്പോർട്ട്. ഇന്ത്യയിൽ ബംഗ്ലാദേശ് ടീമിന് സുരക്ഷാ ഭീഷണി ഇല്ലെന്ന് ഐസിസി ബിസിബിക്ക് ഉറപ്പ് നൽകിയതായും അറിയുന്നു.

അന്തിമ തീരുമാനം ബിസിബിയുടേതായിരിക്കുമെന്ന് ഐസിസി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, നിശ്ചിത സമയപരിധിക്കുള്ളിൽ ബംഗ്ലാദേശ് ഇന്ത്യയിലേക്ക് ടീമിനെ അയക്കാൻ തയ്യാറാകാത്ത പക്ഷം, പകരം മറ്റൊരു ടീമിനെ ടൂർണമെന്റിൽ ഉൾപ്പെടുത്താനുള്ള സാധ്യതയും ഐസിസി തുറന്നുവെച്ചിട്ടുണ്ട്. നിലവിലെ റാങ്കിംഗ് അനുസരിച്ച്, സ്കോട്ട്ലൻഡിനാണ് പകരക്കാരായി അവസരം ലഭിക്കാൻ കൂടുതൽ സാധ്യത.

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു