മാർച്ച്‌ 7, 2026
#News #Top News

ഡൽഹി സ്ഫോടനകേസിൽ മകനെ കസ്റ്റഡിയിൽ എടുത്തതിൽ മനംനൊന്ത് കശ്മീറി വ്യാപാരി ആത്മഹത്യ

Kashmiri Trader Suicide After Son’s Custody

ഡൽഹി സ്ഫോടനക്കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി മകനെയും സഹോദരനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തതിൽ മനംനൊന്ത് കശ്മീരിലെ ഒരു പഴക്കച്ചവടക്കാരൻ ആത്മഹത്യ ചെയ്തു. കുൽഗാം സ്വദേശിയായ ബിലാൽ അഹമ്മദ് വാനി (55) ആണ് മരിച്ചത്.

ബിലാലിനെയും മകൻ ജാസിർ ബിലാൽ വാനിയെയും സഹോദരൻ നവീദ് വാനിയെയും പൊലീസ് ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ എടുത്തിരുന്നു. ബിലാലിനെ പിന്നീട് വിട്ടയച്ചെങ്കിലും മകനും സഹോദരനും തുടർന്നും കസ്റ്റഡിയിൽ തുടരുകയായിരുന്നു. ഇതോടെ ബിലാൽ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് കുടുംബം പറയുന്നു.

ജാസിർ ബിലാൽ ഭീകര ശൃംഖലകൾക്ക് സാങ്കേതിക സഹായം നൽകിയെന്നും ഡ്രോൺ മാറ്റങ്ങൾ വരുത്തിയെന്നും റോക്കറ്റ് നിർമ്മാണശ്രമങ്ങളിൽ പങ്കുണ്ടെന്നുമുള്ള ആരോപണങ്ങളെ തുടർന്ന് അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു.

ഡൽഹിയിലെ ചെങ്കോട്ട സ്ഫോടനത്തിൽ 13 പേർ മരണപ്പെട്ടതിനു പിന്നാലെ ജമ്മു കശ്മീർ പൊലീസ് 600-ലധികം പേരെ കസ്റ്റഡിയിൽ എടുത്തിരുന്നു. ജാസിറും അതിൽ ഉൾപ്പെട്ടിരുന്നു. ബിലാലിന്റെ ആത്മഹത്യയെ കുറിച്ച് ജമ്മു കശ്മീർ പൊലീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു