മാർച്ച്‌ 7, 2026
#latest news #News

ദിത്വാ ചുഴലിക്കാറ്റ് ജാഗ്രത ശക്തമാക്കി തമിഴ്‌നാട്; അനേകം ജില്ലകളിൽ അവധി പ്രഖ്യാപിച്ചു

Dithva Cyclone causes heavy rain

ദിത്വാ ചുഴലിക്കാറ്റ് ശക്തി പുലർത്തുന്ന പശ്ചാത്തലത്തിൽ തമിഴ്‌നാട് സർക്കാർ എല്ലാ ജില്ലകളിലും ഉന്നത ജാഗ്രത നിർദേശം നൽകി. തീരദേശ മേഖലകളിൽ അതിതീവ്ര മഴയ്ക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനെ തുടർന്ന് നിരവധി ജില്ലകളിൽ സ്‌കൂളുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.

ചെന്നൈയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. ചെങ്കൽപേട്ട്, തിരുവള്ളൂർ തുടങ്ങി ചുഴലിക്കാറ്റ് സ്വാധീനമുള്ള മേഖലകളിൽ ജാഗ്രതാ നടപടികൾ ശക്തപ്പെടുത്തിയിട്ടുണ്ട്. ഇതുവരെ തമിഴ്‌നാട്ടിൽ മൂന്ന് പേർ മരിച്ചതായി റിപ്പോർട്ട്.

അതേസമയം, ബംഗാൾ ഉൾക്കടലിൽ ദിത്വാ ചുഴലിക്കാറ്റ് ദുർബലമാകുന്നതായി റിപ്പോർട്ടുകൾ. വലിയ നാശം വിതച്ച ശ്രീലങ്കയിൽ മരണം 334 ആയി ഉയർന്നു. 370 പേർ ഇപ്പോഴും കാണാതാണ്. 12 ലക്ഷം പേർ ദുരിതത്തിലാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

ശ്രീലങ്കയിൽ ദുരന്തബാധിത മേഖലകളിൽ ഇന്ത്യയുടെ ‘ഓപ്പറേഷൻ സാഗർ ബന്ധു’ രക്ഷാപ്രവർത്തനങ്ങൾ തുടരുന്നു. ദേശീയ ദുരന്തനിവാരണ സേനയും വ്യോമസേനയും ചേർന്ന് കുടുങ്ങിയവരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റുന്നു.
മണ്ണിടിച്ചിലിൽ കുടുങ്ങിയ പ്രദേശങ്ങളിൽ നിന്ന് ഇന്ത്യക്കാരെ ഉൾപ്പെടെ നിരവധി പേരെ ഹെലികോപ്റ്റർ സഹായത്തോടെ പുറത്തെടുത്തു. ഐഎൻഎസ് വിക്രാന്തിൽ നിന്നുള്ള ഹെലികോപ്റ്ററുകളും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാണ്.

രണ്ടു വ്യോമസേനാ വിമാനങ്ങളിലൂടെ 21 ടൺ സഹായസാധനങ്ങൾ കൊളംബോയിലെത്തിച്ചതായും അറിയിച്ചിട്ടുണ്ട്.

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു