ദില്ലി പൊലീസിനെതിരെ ഗുരുതര ആരോപണം; പെൺവിദ്യാർത്ഥികളോട് മോശം പെരുമാറ്റം ആരോപിച്ച് പ്രതിഷേധക്കാർ
ദില്ലി: വായുമലിനീകരണത്തിനെതിരായ പ്രക്ഷോഭത്തിൽ മാവോയിസ്റ്റ് അനുകൂല പോസ്റ്റർ ഉയർത്തിയ സംഭവത്തിൽ അറസ്റ്റിലായവർ ദില്ലി പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി. പൊലീസ് ക്രൂരമായി മർദിച്ചുവെന്നും, പെൺവിദ്യാർത്ഥികളുടെ വസ്ത്രങ്ങൾ വലിച്ചുകീറിയെന്നും, ശരീരത്തിൽ മർദനമേറ്റ പാടുകൾ ഉണ്ടായെന്നും വിദ്യാർത്ഥികളുടെ അഭിഭാഷക വർത്തിക മണി ആരോപിച്ചു. വിദ്യാർത്ഥികളുടെ സുരക്ഷയെക്കുറിച്ച് തനിക്ക് കടുത്ത ആശങ്കയുണ്ടെന്നും അവർ പറഞ്ഞു.
അതേസമയം, പ്രതിഷേധത്തിനിടെ കുരുമുളക് സ്പ്രേ ഉപയോഗിച്ച 15 പേരെ അറസ്റ്റ് ചെയ്തതായി ദില്ലി പൊലീസ് അറിയിച്ചു. ഇന്ത്യഗേറ്റിൽ നടന്ന പ്രക്ഷോഭ സമയത്ത് മാവോയിസ്റ്റ് നേതാവിന്റെ ചിത്രം–പേര് അടങ്ങിയ പ്ലക്കാർഡുകൾ പ്രദർശിപ്പിച്ചതിനെ തുടർന്ന് പ്രതിഷേധക്കാരുടെ രാഷ്ട്രീയ ബന്ധവും പശ്ചാത്തലവും പൊലീസ് അന്വേഷിക്കാനൊരുങ്ങുകയാണ്.
ദില്ലിയിലെ വായുമലിനീകരണ സാഹചര്യം രൂക്ഷമായതോടെ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സർക്കാർ–സ്വകാര്യ സ്ഥാപനങ്ങളിൽ 50 ശതമാനം ജീവനക്കാരെ വർക്ക് ഫ്രം ഹോം സംവിധാനത്തിലേക്ക് മാറ്റാൻ തീരുമാനം. വായു ഗുണനിലവാരം വളരെ മോശം വിഭാഗത്തിൽ തുടരുമ്പോൾ, ഇന്ന് രേഖപ്പെടുത്തിയ ശരാശരി AQI 362 ആണ്.
വായുമലിനീകരണത്തെ തുടർന്ന് അയൽ സംസ്ഥാനങ്ങൾക്കും നിർദേശം നൽകിയതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇലക്ട്രിക് വാഹനങ്ങളുടെ രജിസ്ട്രേഷൻ ലഘൂകരിക്കുക, നൂതന സാങ്കേതികവിദ്യ ഉപയോഗിക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ രാജസ്ഥാൻ, ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ് സംസ്ഥാനങ്ങൾക്കാണ് നൽകിയിരിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.









































































































































































































































































































































