മെയ്‌ 19, 2025
#latest news #Most Populer #News #Top News #Trending Topics

നവംബർ ഒന്നിന് കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമാകുമെന്ന് മുഖ്യമന്ത്രി

CM Pinarayi Vijayan

തിരുവനന്തപുരം: നവംബർ ഒന്നിനുള്ളിൽ കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ സമഗ്ര വികസനത്തിന്റെ പ്രതീകമായ ഈ പ്രഖ്യാപനം കേരളത്തിന്റെ സാമൂഹ്യ-ആർത്ഥിക നേട്ടങ്ങൾക്കുള്ള അംഗീകാരമായി മുഖ്യമന്ത്രി ചിത്രീകരിച്ചു.

“നമ്മുടെ നാട് പുരോഗതിക്കായി മുന്നേറുമ്പോൾ അതിനെ എതിര്‍ക്കാൻ ശ്രമിക്കുന്ന ചില ശക്തികൾ ഉണ്ടെന്നാണ് വാസ്തവം. നാടിന്റെ ഉന്നതിക്ക് സഹകരിക്കുന്നവർക്കാണ് കാലത്തിന്റെ പിന്തുണ,” അദ്ദേഹം വ്യക്തമാക്കി. വികസനം തടയാനുള്ള കുതന്ത്രങ്ങൾ നടക്കുന്നതിനിടെ സംസ്ഥാന സർക്കാർ മുന്നേറ്റം തുടർന്നുകൊണ്ടിരിക്കുന്നതായും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.

കേരളത്തിന്റെ വരുമാനം വർദ്ധിച്ചതും പൊതുകടവും ആദായ ഉൽപ്പാദനവും തമ്മിലുള്ള വ്യത്യാസം കുറയുന്നതും സംസ്ഥാനത്തെ സാമ്പത്തിക ശക്തിയുടെ തെളിവായി അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്രസർക്കാർ സംസ്ഥാനത്തിന് അർഹമായ പദ്ധതികൾ നിഷേധിക്കുന്ന സാഹചര്യത്തിലും സർക്കാർ വിപുലമായ വികസന പ്രവർത്തനങ്ങൾക്കാണ് നേതൃത്വം നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഐ.ടി മേഖലയിലെ വളർച്ച കൂടി ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി, 1706 കമ്പനികൾ ഇപ്പോൾ കേരളത്തിലെ ഐ.ടി പാർക്കുകളിൽ പ്രവർത്തിക്കുന്നു എന്നും 90,000 കോടി രൂപയുടെ ഐ.ടി കയറ്റുമതി കഴിഞ്ഞ സാമ്പത്തിക വർഷം രേഖപ്പെടുത്തിയതും പ്രസ്താവിച്ചു. 6300 ലധികം സ്റ്റാർട്ടപ്പുകൾ ഇപ്പോൾ കേരളത്തിൽ പ്രവർത്തിക്കുന്നുവെന്നും, കേരളം ഒരു സ്റ്റാർട്ടപ്പ് ഹബ്ബായി മാറിയതും അദ്ദേഹം ഉയർത്തിക്കാട്ടി.

രാജ്യത്തെ ആദ്യ ഡിജിറ്റൽ യൂണിവേഴ്‌സിറ്റി കേരളത്തിലാണ് പ്രവർത്തിക്കുന്നത് എന്നും, കേരളം ഇന്നത്തെ ഇന്ത്യയ്ക്ക് ഒരു മാതൃകയായിതന്നെ മാറിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു