നോര്‍വെയ്ക്ക് മുന്നില്‍ ഇറ്റലി തകര്‍ന്നു; 2026 ലോകകപ്പിലേക്കുള്ള നേരിട്ടുള്ള യോഗ്യത നഷ്ടം
സാന്‍ സിറോയില്‍ നടന്ന നിര്‍ണായക യോഗ്യതാ മത്സരത്തില്‍ നോര്‍വെയോട് 4–1ന് പരാജയപ്പെട്ടതോടെ ഇറ്റലിക്ക് 2026 ലോകകപ്പിലേക്ക് നേരിട്ട് പ്രവേശനം നഷ്ടമായി. എര്‍ലിംഗ് ഹാലണ്ടിന്റെ ഇരട്ട ഗോളും ശക്തമായ രണ്ടാം പകുതി പ്രകടനവുമാണ് നോര്‍വേയെ വമ്പന്‍ ജയത്തിലേക്ക് നയിച്ചത്. 63-ാം മിനിറ്റുവരെ ലീഡില്‍ നിന്നിരുന്ന ഇറ്റലി പിന്നീട് തുടര്‍ച്ചയായി ഗോളുകള്‍ വഴങ്ങുകയായിരുന്നു. യോഗ്യതാ റൗണ്ടിലെ എല്ലാ എട്ട് മത്സരങ്ങളും ജയം സ്വന്തമാക്കിയ നോര്‍വേ, 1998ന് ശേഷം ആദ്യമായി ലോകകപ്പ് ടിക്കറ്റ് നേടുകയും ചെയ്തു.
ഇറ്റലിക്ക് ഇപ്പോൾ പ്ലേ-ഓഫ് മുഖേനയാണ് ലോകകപ്പിലേക്ക് പ്രവേശിക്കാനുള്ള അവസരം. കഴിഞ്ഞ രണ്ട് ലോകകപ്പുകളിലെയും പോലെ ഇത്തവണയും നേരിട്ട് യോഗ്യത നേടാന്‍ കഴിയാതെ പോയത് ആരാധകരെ നിരാശരാക്കി.
അതേസമയം, പോര്‍ച്ചുഗല്‍ അര്‍മേനിയയെ 9–1 ന് തകര്‍ത്തു യോഗ്യത ഉറപ്പിച്ചു. സസ്‌പെന്‍ഷനിലായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇല്ലാതെയും യാവോ നെവസ്, ബ്രൂണോ ഫെര്‍ണാണ്ടസ് എന്നിവരുടെ ഹാട്രിക്കുകള്‍ പോര്‍ച്ചുഗലിനെ ഭീമൻ ജയത്തിലേക്ക് നയിച്ചു. തുടർച്ചയായ ആറാം ലോകകപ്പിലും റൊണാൾഡോ കളിക്കാനുള്ള സാധ്യത ഇതോടെ ഉറപ്പിച്ചു.
ഇംഗ്ലണ്ട് യോഗ്യതാ റൗണ്ട് മത്സരങ്ങള്‍ തോല്‍വിയില്ലാതെ പൂര്‍ത്തിയാക്കി. അവസാന മത്സരത്തില്‍ അല്‍ബേനിയയെ 2-0 ന് തോല്‍പ്പിച്ച ഇംഗ്ലണ്ട് എട്ട് മത്സരങ്ങളില്‍ 22 ഗോളുകള്‍ നേടി ഒരു ഗോള്‍ പോലും വഴങ്ങാതെ മുന്നേറി.
ഫ്രാന്‍സും അവസാന മത്സരത്തില്‍ അസര്‍ബൈജാനെ 3–1 ന് പരാജയപ്പെടുത്തി യോഗ്യത ശക്തമാക്കി. തുടക്കത്തില്‍ ഗോള്‍ വഴങ്ങിയെങ്കിലും ആദ്യ പകുതിയിലാണ് മൂന്ന് ഗോളുകളും കണ്ടെത്തിയത്.
പ്ലേ-ഓഫ് സ്ഥാനം ഉറപ്പിച്ച അയര്‍ലന്‍ഡ്, ഹംഗറിയെ 3–2 ന് തോല്‍പ്പിച്ചു. ട്രോയി പാരറ്റിന്റെ ഹാട്രിക് ഗോളുകള്‍ തന്നെയാണ് അയര്‍ലന്‍ഡിന് നിര്‍ണായക വിജയം സമ്മാനിച്ചത്. ആദ്യ പകുതിയില്‍ പിന്നില്‍ നിന്ന അയര്‍ലന്‍ഡ് 80ാം മിനിറ്റിനു ശേഷം ശക്തമായ തിരിച്ചുവരവ് നടത്തി.









































































































































































































































































































































