പഹൽഗാം ആക്രമണത്തിന് ഉത്തരവാദികളായ ഭീകര കേന്ദ്രങ്ങൾ ഇല്ലാതാക്കി: കേണൽ സോഫിയ ഖുറേഷി
ഡൽഹി: ഇന്ത്യയുടെ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സംയുക്ത സൈനിക നീക്കത്തിൽ ഒൻപത് ഭീകര കേന്ദ്രങ്ങൾ തകർന്നതായി സംയുക്ത സേന അറിയിച്ചു. സൈനിക വനിതാ ഉദ്യോഗസ്ഥരായ കേണൽ സോഫിയ ഖുറേഷിയും വിങ് കമാൻഡർ വോമിക സിംഗും ദേശീയ മാധ്യമങ്ങളെ സമീപിച്ച് ഓപ്പറേഷന്റെ വിശദാംശങ്ങൾ പങ്കുവെച്ചു.
ഏപ്രിൽ ഏഴിന് പുലർച്ചെ ഒരു മണിയോടെ നടത്തിയ കൃത്യമായ ആക്രമണത്തിലാണ് തീവ്രവാദ കേന്ദ്രങ്ങൾ തകർന്നത്. “സാധാരണക്കാർക്ക് യാതൊരു അപകടവും വരാതെ, പ്രത്യേകിച്ച് ഭീകരതയെ ലക്ഷ്യമിട്ടായിരുന്നു ഓപ്പറേഷൻ. ഇത് ഒരു നീതി നടപ്പാക്കലായിരുന്നു,” എന്ന് കേണൽ സോഫിയ പറഞ്ഞു.പാകിസ്താൻ ഭീകരവാദത്തിനും തീവ്രവാദ പരിശീലനക്യാമ്പുകൾക്കും ആശ്രയമാണ്. പാകിസ്താൻ അധിനിവേശ കാശ്മീരിലും നിരവധി ഭീകരക്യാമ്പുകൾ സജീവമാണ്. ഇവയെ കണ്ടെത്തിയാണ് ഇന്ത്യ തിരിച്ചടി നടത്തിയത്. ജെയ്ഷെ മുഹമ്മദിന്റെ മുസാഫർബാദ് താവളത്തിൽ നടന്ന ആക്രമണം നിർണായകമെന്നും സോഫിയ കൂട്ടിച്ചേർത്തു.
“പഹൽഗാം ടൂറിസ്റ്റ് പോയിന്റിൽ നടന്ന ആക്രമണം വളരെ ക്രൂരമായിരുന്നു. സഞ്ചാരികൾക്ക് നേരെ നേരിട്ട് വെടിയുതിർക്കുകയായിരുന്നു. അതിനാലാണ് ഇത്തവണ ശക്തമായ മറുപടി നൽകേണ്ടതായി വന്നത്. പാകിസ്താൻ ഭീകരവാദികൾക്ക് സ്വർഗം ആകരുതെന്ന് ഈ ഓപ്പറേഷൻ തെളിയിച്ചു,” എന്ന് വിക്രം മിസ്രി പറഞ്ഞു.
ഇന്ത്യൻ സൈനിക ചരിത്രത്തിൽ വനിതാ ഉദ്യോഗസ്ഥർ ആദ്യമായി സൈനിക പ്രവർത്തനങ്ങൾ പത്രമാധ്യമങ്ങളുമായി പങ്കുവെച്ചതും ഈ വാർത്താസമ്മേളനത്തിൽ ശ്രദ്ധേയമായി. സാറ്റലൈറ്റ് ചിത്രങ്ങളും വ്യക്തമായ ഇന്റലിജൻസ് വിവരങ്ങളും ഉപയോഗിച്ചാണ് ഈ മിഷൻ നടപ്പാക്കിയത്.









































































































































































































































































































































