പഹൽഗാം ആക്രമണത്തിലെ മുഖ്യപങ്കാളി ഹാഷിം മുസയെ പിടികൂടാൻ സുരക്ഷാ ഏജൻസികളുടെ പ്രത്യേക ഓപ്പറേഷൻ

ഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ പങ്കുണ്ടായ ലഷ്കറെ തയിബ ഭീകരൻ ഹാഷിം മുസയെ പിടികൂടാൻ സുരക്ഷാ ഏജൻസികൾ കശ്മീരിൽ വലിയ തിരച്ചിൽ ആരംഭിച്ചു. ഇയാൾ ഇപ്പോഴും ജമ്മു കശ്മീരിലെ കാടുകളിൽ ഒളിവിൽ കഴിയുന്നതായി ഏജൻസികൾക്ക് വിവരം ലഭിച്ചിട്ടുണ്ട്.
ഹാഷിം പാകിസ്താനിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ചേക്കാമെന്നാണ് സംശയം. ഇയാളെ പിടികൂടാൻ പ്രത്യേക ഓപ്പറേഷനും തുടങ്ങി. ഹാഷിംയെ കുറിച്ച് വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികം കശ്മീർ പൊലീസ് പ്രഖ്യാപിച്ചിട്ടുണ്ട്.
ഹാഷിം മുസ പാകിസ്താനിലെ സ്പെഷ്യൽ സർവീസ് ഗ്രൂപ്പിൽ കമാൻഡോ ആയിരുന്നു. പിന്നീട് ലഷ്കറെ തയിബയിൽ ചേർന്ന് നിരവധി ആക്രമണങ്ങളിൽ പങ്കെടുത്തു. 2023-ൽ ഇന്ത്യയിലെത്തിയ ഹാഷിം, ഒക്ടോബറിൽ നടന്ന ഗന്ദർബാൽ ആക്രമണത്തിൽ 7 പേരെ കൊല്ലുകയും, ബാരാമുള്ളയിൽ 4 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ട ആക്രമണത്തിലും പങ്കാളിയാകുകയും ചെയ്തു.
അതേസമയം, ഹാഷിം മുസയുടെ കൂടെ ആദിൽ തോക്കറും ആസിഫ് ഷെയ്ഖും ആക്രമണത്തിൽ പങ്കെടുത്തതായി പറയുന്നു. ഇവരെയും കണ്ടെത്താൻ തിരച്ചിൽ തുടരുകയാണ്.