മാർച്ച്‌ 7, 2026
#latest news #News #Top News

മതങ്ങളെക്കാള്‍ വലുത് മനുഷ്യർ തമ്മിലുള്ള വിശ്വാസമാണ് യഥാർത്ഥ മതം; വേർതിരിവുകൾ സ്വാർത്ഥലാഭത്തിനെന്ന് മമ്മൂട്ടി;

Mammootty says mutual trust among humans is the greatest religion

തിരുവനന്തപുരം: മതത്തിന്റെ പേരിൽ അസഹിഷ്ണുതയും വിഭജനങ്ങളും വർധിക്കുന്ന ഇന്നത്തെ സാമൂഹിക സാഹചര്യത്തിൽ മനുഷ്യർ തമ്മിൽ ഉണ്ടായിരിക്കേണ്ട പരസ്പര വിശ്വാസമാണ് ഏറ്റവും വലിയ മതമെന്ന് നടൻ മമ്മൂട്ടി പറഞ്ഞു. സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന്റെ സമാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഇന്നത്തെ കാലത്ത് നമ്മൾ സംസ്കാരത്തെക്കുറിച്ച് സംസാരിക്കുമ്പോൾ മതേതരത്വം, മതസഹിഷ്ണുത തുടങ്ങിയ വാക്കുകളാണ് കൂടുതലായി ഉപയോഗിക്കുന്നത്. എന്നാൽ മനുഷ്യർ പരസ്പരം വിശ്വസിക്കുന്നതുതന്നെയാണ് ഏറ്റവും വലിയ മതം. മതത്തിൽ വിശ്വസിക്കാം, അതിൽ എനിക്ക് വിരോധമില്ല. പക്ഷേ മനുഷ്യർ തമ്മിലുള്ള വിശ്വാസം നിലനിൽക്കണം. നമ്മൾ പരസ്പരം കാണേണ്ടവരും ഒന്നിച്ച് ജീവിക്കേണ്ടവരുമാണ്,” മമ്മൂട്ടി പറഞ്ഞു.

എല്ലാ മനുഷ്യരും ഒരേ വായു ശ്വസിച്ച്, ഒരേ സൂര്യപ്രകാശത്തിന്റെ ഊർജ്ജത്തിൽ ജീവിക്കുന്നവരാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. “സൂര്യനും മഴക്കും വെള്ളത്തിനും മതമില്ല, ജാതിയില്ല. രോഗങ്ങൾക്കും അങ്ങനെ തന്നെയാണ്. എന്നാൽ നമ്മൾ ഇവിടെയൊക്കെ അനാവശ്യമായ വേർതിരിവുകൾ കണ്ടെത്താൻ ശ്രമിക്കുകയാണ്. ഇത്തരം വേർതിരിവുകൾ പലപ്പോഴും വ്യക്തികളുടെ സ്വാർത്ഥലാഭത്തിനുവേണ്ടിയാണ് ഉണ്ടാക്കപ്പെടുന്നത് എന്നാണ് എന്റെ വിശ്വാസം,” അദ്ദേഹം വ്യക്തമാക്കി.

മനുഷ്യരാശി തുടക്കം മുതൽ സ്നേഹത്തെക്കുറിച്ചാണ് സംസാരിച്ചുവരുന്നതെന്നും മമ്മൂട്ടി ചൂണ്ടിക്കാട്ടി. “നമ്മുടെ ഉള്ളിലുള്ള പൈശാചികഭാവത്തെ ദേവഭാവത്തിലേക്ക് മാറ്റുമ്പോഴാണ് നമ്മൾ യഥാർത്ഥ മനുഷ്യരാകുന്നത്. മനുഷ്യനപ്പുറത്തേക്ക് വളർന്ന് ദേവഭാവത്തിലേക്ക് എത്തുക എന്നത് അപൂർവമായി ചിലർക്കേ സാധിക്കൂ. എന്നാൽ എല്ലാ മനുഷ്യർക്കും അത് സാധ്യമാകാവുന്ന ഒരു സിദ്ധിയാണ്,” അദ്ദേഹം പറഞ്ഞു.

ലോകം മുഴുവൻ അങ്ങനെ ആയിരിക്കണമെന്ന ആഗ്രഹം അത്യാഗ്രഹമാണെന്നും അത് പ്രായോഗികമായി സാധ്യമല്ലെന്നും മമ്മൂട്ടി അഭിപ്രായപ്പെട്ടു. “നമ്മളിൽ ഉള്ള നന്മയും തിന്മയും തമ്മിലുള്ള യുദ്ധത്തിൽ നന്മ ജയിക്കുമ്പോഴാണ് സമൂഹത്തിൽ നല്ല മാറ്റങ്ങൾ ഉണ്ടാകുന്നത്. അതാണ് നമ്മുടെ സംസ്കാരം. ആ സംസ്കാരം തുടരണം. ആ യുദ്ധത്തിൽ നമ്മൾ എല്ലാവരും ജയിക്കട്ടെ,” എന്ന ആശംസയോടെയാണ് മമ്മൂട്ടി പ്രസംഗം അവസാനിപ്പിച്ചത്.

AN

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു