മലപ്പുറത്ത് കാണാതായ പതിനാലുകാരി കൊല്ലപ്പെട്ട നിലയിൽ, കൂട്ടുകാരൻ പിടിയിൽ
മലപ്പുറം: കരുവാരക്കുണ്ടിൽ കാണാതായ പതിനാലുകാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പാണ്ടിക്കാട് തൊടികപ്പലം റെയിൽവേ ട്രാക്കിന് സമീപത്തെ പുള്ളിപ്പാടം പ്രദേശത്തെ കുറ്റിക്കാട്ടിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സ്കൂൾ യൂണിഫോമിലായിരുന്ന മൃതദേഹം കൈകൾ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. സംഭവസ്ഥലത്ത് പൊലീസ് എത്തി വിശദമായ പരിശോധന ആരംഭിച്ചിട്ടുണ്ട്.
ഇന്നലെ രാവിലെ 9.30ഓടെ കരുവാരക്കുണ്ട് സ്കൂൾ പടിയിൽ ബസിറങ്ങിയ കുട്ടിയെ തുടർന്ന് ആരും കണ്ടിരുന്നില്ല. സ്കൂളിലേക്ക് പോയ ശേഷം വീട്ടിലേക്ക് മടങ്ങിയെത്താതിരുന്നതോടെ ബന്ധുക്കൾ അന്വേഷണം ആരംഭിക്കുകയും പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. വ്യാപകമായ തെരച്ചിലിനൊടുവിലാണ് ഇന്ന് മൃതദേഹം കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് പ്ലസ് വൺ വിദ്യാർത്ഥിയായ 16 കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾ കുട്ടിയുടെ പ്രായപൂർത്തിയാകാത്ത ആൺസുഹൃത്താണെന്ന് പൊലീസ് അറിയിച്ചു. സംശയം തോന്നിയതിനെ തുടർന്ന് കസ്റ്റഡിയിലെടുത്തപ്പോഴാണ് പ്രതി തന്നെ മൃതദേഹം കണ്ടെത്തിയ സ്ഥലം പൊലീസിന് കാണിച്ചു കൊടുത്തത് എന്നാണ് വിവരം. കഴുത്ത് ഞെരിച്ചാണ് കൊലപാതകം നടത്തിയതെന്നും, ബലാത്സംഗം നടന്നതായി പ്രതി മൊഴി നൽകിയതായും പൊലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ ഇത് മെഡിക്കൽ–ഫോറൻസിക് പരിശോധനകൾക്ക് ശേഷം സ്ഥിരീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോക്സോ അടക്കമുള്ള കർശന വകുപ്പുകൾ ചുമത്തിയാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രായപൂർത്തിയാകാത്ത പ്രതിയായതിനാൽ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം തുടർനടപടികൾ സ്വീകരിക്കും. പ്രദേശത്ത് പൊലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
കുട്ടിയുടെ മരണവാർത്ത അറിഞ്ഞതോടെ നാട്ടുകാരിൽ ശക്തമായ പ്രതിഷേധവും ദുഃഖവുമാണ്. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടികൾ വേണമെന്നും കുറ്റക്കാർക്കെതിരെ മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. അന്വേഷണം വേഗത്തിലാക്കുമെന്നും എല്ലാ വശങ്ങളും പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി.








































































































































































































































































































































