മാർച്ച്‌ 7, 2026
#International News #latest news #Top News

മിസൈൽ ഭീഷണി: ദുബൈയിൽ അടിയന്തര ജാഗ്രതാ നിർദ്ദേശം; ജനലുകളും തുറസ്സായ ഇടങ്ങളും ഒഴിവാക്കാൻ യുഎഇ ആഭ്യന്തര മന്ത്രാലയം

UAE Missile Threat Warning Issued To Dubai Residents

ദുബൈ: മിസൈൽ ആക്രമണ ഭീഷണിയെ തുടർന്നു യുഎഇയിൽ അടിയന്തര ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ദുബൈയിലെ താമസക്കാരുടെ മൊബൈൽ ഫോണുകളിലേക്ക് യുഎഇ ആഭ്യന്തര മന്ത്രാലയം നേരിട്ട് മുന്നറിയിപ്പ് സന്ദേശം അയച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അടുത്തുള്ള സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് ഉടൻ മാറുകയും പുതിയ അറിയിപ്പ് ലഭിക്കും വരെ ജനലുകൾ, വാതിലുകൾ, തുറസ്സായ ഇടങ്ങൾ എന്നിവയിൽ നിന്ന് മാറി നിൽക്കുകയും ചെയ്യണമെന്ന് അധികൃതർ നിർദേശിച്ചു.

മുന്നറിയിപ്പ് സന്ദേശത്തിൽ, അടിയന്തര സാഹചര്യങ്ങളിൽ സ്വന്തം സുരക്ഷയ്ക്കാണ് മുൻഗണന നൽകേണ്ടതെന്നും, സംഭവങ്ങൾ വീഡിയോയായി ചിത്രീകരിക്കുകയോ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയോ ചെയ്യരുതെന്നും പ്രത്യേകമായി വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള പ്രവൃത്തികൾ സുരക്ഷാ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താൻ ഇടയാക്കാമെന്നും അധികൃതർ അറിയിച്ചു.

അതേസമയം, മുന്നറിയിപ്പുകൾ ലഭിക്കുന്ന സമയത്ത് ഹൈവേകളിൽ വാഹനങ്ങൾ പെട്ടെന്ന് നിർത്തുകയോ പുറത്തിറങ്ങുകയോ ചെയ്യരുതെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. യാത്ര തുടരുകയും ലക്ഷ്യസ്ഥാനത്ത് എത്തുന്ന ഉടൻ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുകയും ചെയ്യുകയാണ് ചെയ്യേണ്ടത്. സുരക്ഷാ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്ക് നിയമപരമായ നടപടികൾ നേരിടേണ്ടിവരുമെന്നും അധികൃതർ വ്യക്തമാക്കി.

മിസൈൽ ആക്രമണങ്ങളുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ ചിത്രീകരിക്കുന്നതിനെതിരെയും യുഎഇ അറ്റോർണി ജനറൽ ഡോ. ഹമദ് സെയ്ഫ് അൽ ഷംസി കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മിസൈൽ അല്ലെങ്കിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണ സ്ഥലങ്ങൾ ചിത്രീകരിക്കുകയോ അതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

കൂടാതെ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് വ്യാജ ദൃശ്യങ്ങൾ സൃഷ്ടിച്ച് മിസൈൽ ആക്രമണമെന്ന പേരിൽ പ്രചരിപ്പിക്കുന്നവർക്കെതിരെയും കടുത്ത നടപടിയുണ്ടാകുമെന്ന് അറ്റോർണി ജനറൽ അറിയിച്ചു. ഇത്തരം വ്യാജ വിവരങ്ങൾ പൊതുജനങ്ങളിൽ ഭീതി സൃഷ്ടിക്കാനും രാജ്യത്തിന്റെ സുരക്ഷാ സാഹചര്യത്തെക്കുറിച്ച് തെറ്റായ ധാരണ ഉണ്ടാക്കാനും ഇടയാക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആവശ്യമായ എല്ലാ മുൻകരുതലുകളും സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും ഔദ്യോഗിക സർക്കാർ ചാനലുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും യുഎഇ അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. നിലവിലെ സാഹചര്യത്തിൽ ജനങ്ങൾ ശാന്തത പാലിക്കുകയും സുരക്ഷാ നിർദേശങ്ങൾ കൃത്യമായി പാലിക്കുകയും ചെയ്യണമെന്ന് അധികൃതർ വീണ്ടും ഓർമ്മിപ്പിച്ചു.

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു