വിജയ് ഹസാരെ ട്രോഫി: സുരക്ഷാ ആശങ്ക; ഡൽഹി–ആന്ധ്ര മത്സരം ചിന്നസ്വാമിയിൽ നിന്ന് മാറ്റി, കോലിയുടെ തിരിച്ചുവരവ് കാണാനെത്തിയവർക്ക് നിരാശ
ബെംഗളൂരു: വിജയ് ഹസാരെ ട്രോഫിയില്‍ ഡല്‍ഹിയും ആന്ധ്രയും തമ്മില്‍ നാളെ നടക്കേണ്ടിയിരുന്ന മത്സരം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് മാറ്റി. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ ഉണ്ടായ വീഴ്ചകളാണ് വേദി മാറ്റാന്‍ കാരണം. കാണികളെ പ്രവേശിപ്പിക്കാതെ മത്സരം നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും, സ്റ്റേഡിയത്തിലെ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി വിദഗ്ദ സുരക്ഷാ സമിതി അനുമതി നിഷേധിച്ചതോടെയാണ് തീരുമാനം മാറ്റിയത്.
സുരക്ഷാ സമിതി ഇന്നലെ സ്റ്റേഡിയത്തില്‍ നേരിട്ടെത്തി പരിശോധന നടത്തിയിരുന്നു. ഗാലറികളുടെ നിയന്ത്രണം, പ്രവേശന കവാടങ്ങളിലെ ക്രമീകരണം, അടിയന്തര സാഹചര്യങ്ങളില്‍ സ്വീകരിക്കേണ്ട നടപടികള്‍ എന്നിവയില്‍ അപാകതകളുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയതോടെയാണ് മത്സരം നടത്താന്‍ സാധിക്കില്ലെന്ന നിലപാട് സ്വീകരിച്ചത്. കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന് (കെസിഎ) കാണികളില്ലാതെ മത്സരം നടത്താന്‍ അനുമതി തേടിയെങ്കിലും, അത് പോലും നിലവിലെ സാഹചര്യത്തില്‍ സുരക്ഷിതമല്ലെന്നായിരുന്നു സമിതിയുടെ വിലയിരുത്തല്‍.
ഈ മത്സരത്തിലൂടെ 15 വര്‍ഷത്തിന് ശേഷം ആഭ്യന്തര ഏകദിന ക്രിക്കറ്റിലേക്ക് മടങ്ങിയെത്താനായിരുന്നു ഡല്‍ഹി താരമായ വിരാട് കോലിയുടെ പദ്ധതി. ഇതിനായി കോലി ബെംഗളൂരുവിലെത്തി പരിശീലനവും ആരംഭിച്ചിരുന്നു. കോലിയുടെ കളി നേരില്‍ കാണാന്‍ വലിയ പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരിക്കുമ്പോഴാണ് മത്സരം വേദി മാറ്റിയെന്ന വാര്‍ത്ത പുറത്തുവന്നത്. ഇതോടെ ആരാധകര്‍ക്കിടയില്‍ വലിയ നിരാശയാണ് പടരുന്നത്.
ദേശീയ താരങ്ങള്‍ ആഭ്യന്തര ടൂര്‍ണമെന്റുകളില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ബിസിസിഐ അടുത്തിടെ നല്കിയ നിര്‍ദേശത്തെ തുടര്‍ന്നാണ് വിരാട് കോലിയും രോഹിത് ശര്‍മയും വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കാനിറങ്ങാന്‍ തീരുമാനിച്ചത്. ഇതാണ് ഈ മത്സരത്തിന് പ്രത്യേക ശ്രദ്ധ ലഭിക്കാന്‍ കാരണം.
ചിന്നസ്വാമി സ്റ്റേഡിയത്തില്‍ മത്സരം നടക്കില്ലെന്ന് ഉറപ്പായതോടെ, ദേവനഹള്ളിയിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമി (എന്‍സിഎ) ഗ്രൗണ്ടിലാണ് മത്സരം നടത്താനുള്ള സാധ്യതകള്‍ കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന് പരിശോധിക്കുന്നത്. വേദി മാറ്റം സംബന്ധിച്ച അന്തിമ തീരുമാനം ഉടന്‍ അറിയിക്കുമെന്നാണ് സൂചന.








































































































































































































































































































































