മാർച്ച്‌ 7, 2026
#latest news #News

വേനൽമഴയ്ക്ക് സാധ്യത: കേരളത്തിൽ ഇന്ന്, നാളെ യെല്ലോ അലർട്ട്

Kerala Weather Alert

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂടിന് ആശ്വാസമായി വേനൽമഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ന് (ഫെബ്രുവരി 21) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

നാളെ (ഫെബ്രുവരി 22) പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും യെല്ലോ മുന്നറിയിപ്പ് തുടരുന്നതായും അറിയിപ്പുണ്ട്. വൈകുന്നേരം മുതൽ രാത്രി വരെ മേഘാവൃതമായ അന്തരീക്ഷം, ഇടിയോട് കൂടിയ മഴ, മിന്നൽ തുടങ്ങിയ കാലാവസ്ഥാ മാറ്റങ്ങൾ മധ്യ-തെക്കൻ ജില്ലകളിൽ അനുഭവപ്പെടാൻ സാധ്യതയുണ്ട്.

വടക്കൻ ജില്ലകളിലും പ്രത്യേകിച്ച് കിഴക്കൻ മേഖലകളിൽ ഒറ്റപ്പെട്ട മഴയ്ക്കും മൂടിക്കെട്ടിയ കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.

ഫെബ്രുവരി മാസത്തിലെ രണ്ടാമത്തെ ന്യൂനമർദ്ദം തെക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടതാണ് ഈ മഴയ്ക്ക് പ്രധാന കാരണം. ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും ഇടവിട്ടുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണം.

ഇതിനെ തുടർന്ന് കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നത് ഒഴിവാക്കണമെന്ന് അധികൃതർ നിർദേശിച്ചു.

ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. പ്രത്യേകിച്ച് തുറസ്സായ ഇടങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കുകയും വൈദ്യുത ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധ പുലർത്തുകയും വേണം.

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു