ഹൈക്കോടതി സിനിമ കാണുന്നതിനെതിരെ നിർമാതാവ്; ‘കേരള സ്റ്റോറി 2’ വീണ്ടും വിവാദത്തിൽ
കൊച്ചി: വിവാദമായ The Kerala Story 2 സംബന്ധിച്ച നിയമ പോരാട്ടം വീണ്ടും ചൂടുപിടിക്കുന്നു. ചിത്രത്തിന്റെ പ്രദർശനം സ്റ്റേ ചെയ്യണമെന്ന ഹർജി പരിഗണിക്കുന്നതിനിടെ ഹൈക്കോടതി സിനിമ കണ്ട് വിലയിരുത്താൻ തീരുമാനിച്ചതിനെ നിർമാതാവ് ശക്തമായി എതിർത്തു.
ചിത്രത്തിന് പ്രദർശനാനുമതി നൽകിയിരിക്കുന്നത് Central Board of Film Certification (CBFC) ആണെന്നും വിദഗ്ധർ കണ്ട് വിലയിരുത്തിയാണ് സർട്ടിഫിക്കറ്റ് നൽകിയതെന്നും നിർമാതാവ് Vipul Amrutlal Shah കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
ഹൈക്കോടതി സിനിമ കണ്ട് വിലയിരുത്തുന്നത് സെൻസർ ബോർഡിന്റെ അധികാര പരിധിയിൽ ഇടപെടുന്നതിന് തുല്യമാണെന്നും കോടതി സെൻസർ ബോർഡിന് പകരമാകാൻ കഴിയില്ലെന്നും നിർമാതാവ് ചൂണ്ടിക്കാട്ടി.
“സിനിമ വിലയിരുത്താനുള്ള ഏക അധികാരമുള്ള സ്ഥാപനമാണ് സെൻസർ ബോർഡ്. നിയമ നടപടിക്രമങ്ങൾ പാലിച്ചാണ് അനുമതി നൽകിയിരിക്കുന്നത്,” – നിർമാതാവിന്റെ നിലപാട്.
ചിത്രം ഭരണഘടനാ മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് CBFC സർട്ടിഫിക്കറ്റ് തന്നെ തെളിയിക്കുന്നുവെന്നും, സെൻസർ ബോർഡിന്റെ തീരുമാനത്തിൽ പ്രഥമദൃഷ്ട്യാ പിഴവില്ലെങ്കിൽ സിനിമ സ്റ്റേ ചെയ്യാൻ സാധിക്കില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
റിലീസിന് മുന്നോടിയായി നിയമ പോരാട്ടം
രാജ്യത്താകെ 1,800 തീയറ്ററുകളിൽ റിലീസ് ചെയ്യാൻ തയ്യാറായിരിക്കുന്ന The Kerala Story 2 റിലീസിന് വെറും ഒമ്പത് ദിവസം മുൻപാണ് ഹർജി സമർപ്പിക്കപ്പെട്ടത്.
ഹർജിക്കാരനായ കണ്ണൂർ സ്വദേശി ശ്രീദേവ് നമ്പൂതിരി ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു. സിനിമ യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതെന്ന അവകാശവാദം പരിശോധിക്കേണ്ടതുണ്ടെന്ന് കോടതി നിരീക്ഷിച്ചിരുന്നു.
എന്നാൽ, ടീസറിന്റെ അടിസ്ഥാനത്തിൽ സിനിമ സ്റ്റേ ചെയ്യുന്നത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന് നിർമാതാവ് വ്യക്തമാക്കി.
‘കേരളത്തിന്റെ മാത്രം കഥയല്ല’
ചിത്രത്തിൽ നിഷേധക്കുറിപ്പ് ഉൾപ്പെടുത്തിയിട്ടുണ്ടെന്നും, ഇത് കേരളത്തിലെ സ്ത്രീകളുടെ മാത്രം കഥയല്ലെന്നും നിർമാതാവ് കോടതിയെ അറിയിച്ചു.
കേരളത്തിന്റെ ഭൂമിശാസ്ത്രപരിധികൾക്കപ്പുറം നീളുന്ന കഥയാണ് സിനിമ പറയുന്നതെന്നും അതിന്റെ ഭാഗമായാണ് “Goes Beyond” എന്ന ടാഗ്ലൈൻ ചേർത്തതെന്നും അദ്ദേഹം പറഞ്ഞു.
ഹർജിക്കാർ സംസ്ഥാനത്തെ മുഴുവൻ ജനങ്ങളെയും പ്രതിനിധീകരിക്കുന്നവരല്ലെന്നും അതിനാൽ കോടതിയെ സമീപിക്കാനുള്ള അവകാശം സംശയാസ്പദമാണെന്നും നിർമാതാവ് വാദിച്ചു.









































































































































































































































































































































