അടിമുടി നിഖില വിമൽ ഷോ; കേവല കെട്ടുകഥയല്ല ഈ ‘പെണ്ണ് കേസ്’ – റിവ്യൂ
ഒരു പക്കാ ഡീസന്റ് കോമഡി–ഇൻവെസ്റ്റിഗേഷൻ ത്രില്ലർ എന്ന് ‘പെണ്ണ് കേസ്’ എന്ന സിനിമയെ വിശേഷിപ്പിക്കാം. നിഖില വിമൽ നായികയായി എത്തിയ ഈ ചിത്രം, ഒരു തണുത്ത കാറ്റുപോലെ ആരംഭിച്ച് പിന്നീട് ശക്തമായി ആഞ്ഞടിക്കുന്ന കഥാപ്രവാഹമാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. ട്രെയിലർ പുറത്തിറങ്ങിയ നിമിഷം മുതൽ തന്നെ ഇത് ഒരു വിവാഹ തട്ടിപ്പ് കഥയാണെന്ന് വ്യക്തമായിരുന്നെങ്കിലും, ആ വിഷയത്തെ അവതരിപ്പിച്ചിരിക്കുന്ന രീതി സിനിമയെ വേറിട്ടുനിർത്തുന്നു.
‘പെണ്ണ് കേസ്’ കേവലമായൊരു കെട്ടുകഥയല്ല; പലപ്പോഴും വാർത്തകളിൽ നമ്മൾ കണ്ടും മറന്നും പോയ വിവാഹ തട്ടിപ്പുകളുടെ സമാഹാരമാണ് ഈ സിനിമ. സംവിധായകൻ ഫെബിൻ സിദ്ധാർത്ഥ് ഈ വിഷയത്തെ ഹ്യൂമറും സസ്പെൻസും ചേർത്ത് വളരെ ബുദ്ധിപൂർവ്വം അവതരിപ്പിച്ചിട്ടുണ്ട്.
ഒരു വിവാഹം മുടക്കാനായി ഒരു സംഘം രംഗത്തെത്തുന്നതോടെയാണ് സിനിമ ആരംഭിക്കുന്നത്. തുടക്കത്തിൽ കല്യാണ തത്രപ്പാടുകളായിരുന്നെങ്കിൽ, പെട്ടെന്ന് അത് കലാപമായി മാറുന്നു. അവിടെ നിന്നാണ് കഥ നേരെ കുടിയാന്മല പൊലീസ് സ്റ്റേഷനിലേക്ക് നീങ്ങുന്നത്. ആദ്യഘട്ടത്തിൽ തന്നെ നിഖില വിമൽ അവതരിപ്പിക്കുന്ന കഥാപാത്രം പ്രേക്ഷകരുടെ മുന്നിൽ വെളിപ്പെടുന്നു. ഭയവും അസ്വസ്ഥതയും നിറഞ്ഞ ആ കഥാപാത്രത്തോട് പ്രേക്ഷകർക്ക് സ്വാഭാവികമായി സഹതാപം തോന്നും.
ആദ്യ പകുതിയിൽ കഥയുടെ അടിത്തറ പണിയുമ്പോൾ, രണ്ടാം പകുതി പൂർണമായും സസ്പെൻസ് നിറഞ്ഞതാണ്. പ്രേക്ഷകരുടെ മുൻവിധികളെ കാറ്റിൽ പറത്തുന്ന ക്ലൈമാക്സ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റാണ്. തിരക്കഥാകൃത്ത് രശ്മി രാധാകൃഷ്ണനും സംവിധായകനും ചേർന്ന് ഈ ട്വിസ്റ്റുകൾ വളരെ കൃത്യമായി കൈകാര്യം ചെയ്തിട്ടുണ്ട്.
ചിത്രത്തിലെ മിക്ക അഭിനേതാക്കളും മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ടെങ്കിലും, സിനിമയെ പൂർണമായി താങ്ങിനിർത്തുന്നത് നിഖില വിമൽ തന്നെയാണ്. അടിമുടി നിഖില വിമൽ ഷോ എന്ന് പറഞ്ഞാലും അതിശയോക്തിയില്ല. ഒറ്റ പിഴവുണ്ടായാൽ ഓവർ ആകുമായിരുന്ന വിവാഹ തട്ടിപ്പുകാരിയുടെ കഥാപാത്രത്തെ നിഖില വളരെ സൂക്ഷ്മതയോടെയാണ് അവതരിപ്പിച്ചത്.
സുഭാഷ് എന്ന കഥാപാത്രമായി അജുവും, എസ്എച്ച്ഒ മനോജായി ഹക്കീം ഷായും, വിജയകുമാറായി രമേഷ് പിഷാരടിയും സിനിമയുടെ ഹ്യൂമർ ലെയറുകൾ ശക്തമാക്കുന്നു. ഇർഷാദ് അലി, അഖിൽ കവലയൂർ, കുഞ്ഞികൃഷ്ണൻ മാഷ്, ശ്രീകാന്ത് വെട്ടിയാർ, ജയകൃഷ്ണൻ, പ്രവീൺ രാജാ, ശിവജിത്, കിരൺ പീതാംബരൻ, ഷുക്കൂർ, ധനേഷ്, ഉണ്ണി നായർ, രഞ്ജി കങ്കോൽ, സഞ്ജു സനിച്ചൻ, ആമി, സന്ധ്യാ മനോജ് തുടങ്ങി വലിയൊരു താരനിര തന്നെ തങ്ങളുടെ ഭാഗങ്ങൾ ഭംഗിയാക്കിയിട്ടുണ്ട്.
ഷിനോസിന്റെ ക്യാമറവർക്കും അങ്കിത് മേനോന്റെ പശ്ചാത്തല സംഗീതവും സിനിമയുടെ മൂഡ് മികച്ച രീതിയിൽ ഉയർത്തുന്നു. ഹ്യൂമർ, സസ്പെൻസ്, ശക്തമായ പെർഫോമൻസുകൾ എന്നിവ ചേർന്ന് ‘പെണ്ണ് കേസ്’ ഒരു മികച്ച തിയറ്റർ അനുഭവമായി മാറുന്നു.
ആകെ വിലയിരുത്തൽ: വിനോദവും ചിന്തിപ്പിക്കുന്ന വിഷയവും ഒരുമിച്ച് കൈകാര്യം ചെയ്ത, ഉറപ്പായും കണ്ടിരിക്കേണ്ട ഒരു മലയാള സിനിമയാണ് ‘പെണ്ണ് കേസ്’.









































































































































































































































































































































