അതിഥി തൊഴിലാളികളുടെ കുട്ടികൾക്ക് പഠനത്തിൽ തുടർച്ച ഉറപ്പാക്കാൻ സർക്കാർ നടപടി

തിരുവനന്തപുരം: സംസ്ഥാനത്ത് ജോലി തേടി എത്തുന്ന അതിഥി തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസം ഉറപ്പാക്കാൻ സർക്കാർ കർശന നടപടികളിലേക്ക്. ഇവരുടെ വാസസ്ഥലങ്ങൾ നേരിട്ട് സന്ദർശിച്ച് എല്ലാ കുട്ടികളെയും സ്കൂളിലേക്ക് കൊണ്ടുവരാൻ പ്രത്യേക ക്യാമ്പയിൻ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മെയ് മാസത്തിൽ ആരംഭിക്കുന്ന ഈ പദ്ധതി, സ്കൂൾ പ്രവേശനം ഉറപ്പാക്കലിനായി സംസ്ഥാനതലത്തിൽ ഏകോപിതമായ ശ്രമമാണ്.
പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികൾ, അധ്യാപകർ, കുടുംബശ്രീ പ്രവർത്തകർ, രക്ഷിതാക്കളുടെ സമിതി ഭാരവാഹികൾ എന്നിവരുടെ സഹായം ഏറ്റെടുക്കും. മെയ് 7ന് എറണാകുളത്ത് നടക്കുന്ന സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ചായിരിക്കും അതിഥി കുട്ടികൾക്ക് നിശ്ചയിച്ച സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം.
ഇതോടൊപ്പം ഇടുക്കിയിലും കണ്ണൂരിലും നിലവിൽ നടപ്പിലാക്കുന്ന റോഷ്നി പോലുള്ള മാതൃകാപദ്ധതികളുടെ അനുഭവങ്ങൾ അടിസ്ഥാനമാക്കി S.C.E.R.T ഏപ്രിൽ 30നകം പ്രവർത്തനരൂപരേഖ തയ്യാറാക്കും. പിന്നീട് പൊതുവിദ്യാഭ്യാസം, വനിത ശിശുക്ഷേമം, സാമൂഹ്യ നീതി തുടങ്ങിയ വകുപ്പുകൾ ചേർന്ന് അതിന്റെ അന്തിമ രൂപം നിശ്ചയിക്കും.
തദ്ദേശ സ്ഥാപനങ്ങളിൽ ഒരു സ്‌പെഷ്യൽ രജിസ്റ്റർ നിർബന്ധമാക്കും. അതിഥി തൊഴിലാളികളുടെ കുട്ടികൾക്കായുള്ള പ്രത്യേക ഡാറ്റ ഉൾപ്പെടുത്തുകയും ആറുമാസത്തിലൊരിക്കൽ അവ പരിഷ്കരിക്കുകയും വേണം. സീസണൽ മൈഗ്രേഷൻ മൂലം ജില്ലകളിൽ നിന്നും മറ്റുള്ള പ്രദേശങ്ങളിലേയ്ക്ക് യാത്രചെയ്യുന്ന കുട്ടികൾക്ക് പഠനത്തിൽ തടസ്സമുണ്ടാകാതിരിക്കാൻ പുതിയ സ്ഥലത്ത് രജിസ്ട്രേഷൻ സംവിധാനം ഏർപ്പെടുത്തും.
കൂടാതെ ആരോഗ്യ പരിശോധന, മെഡിക്കൽ ക്യാമ്പ്, ശുചിത്വ ബോധവത്കരണം, ലഹരിവിരുദ്ധ സന്ദേശങ്ങൾ, ആരോഗ്യപരമായ ശീലങ്ങൾ എന്നിവയ്ക്കായി മാർഗരേഖകൾ രൂപപ്പെടുത്തിയിട്ടുണ്ട്. അവധി ദിവസങ്ങളിൽ കലാ-കായിക പ്രവർത്തനങ്ങൾക്കും സാംസ്‌കാരിക ഇടപെടലുകൾക്കുമായി പൊതു ഇടങ്ങൾ സജ്ജമാക്കാനും പദ്ധതി ഉദ്ദേശിക്കുന്നു.
ആധാർ അടിസ്ഥാനമാക്കി അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷൻ സംവിധാനവും ഉടൻ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മൊബൈൽ ആപ്പും പോർട്ടലും ഇതിനായി വികസിപ്പിക്കപ്പെടുന്നുണ്ടെന്നും, കുട്ടികളുമായി ബന്ധപ്പെട്ട ഡാറ്റ സംഭരണത്തിന് പ്രത്യേക മോഡ്യൂളുകളും ആപ്പിലേക്ക് ചേർക്കുമെന്ന് അദ്ദേഹം അറിയിച്ചു.