അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുതിക്കുന്നു; ബ്രെന്റ് ക്രൂഡ് വീണ്ടും 100 ഡോളർ കടന്നു
മധ്യപൂർവ്വേഷ്യയിലെ സംഘർഷാവസ്ഥ തുടർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ വലിയ വർധനവ് രേഖപ്പെടുത്തി. ആഗോള എണ്ണ സൂചികയായ ബ്രെന്റ് ക്രൂഡ് വില വീണ്ടും ബാരലിന് 100 ഡോളർ കടന്നത് ആഗോള സമ്പദ്‌വ്യവസ്ഥയ്ക്കും വിപണികൾക്കും ആശങ്കയുണ്ടാക്കുകയാണ്.
ഗൾഫ് മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ കൂടുതൽ വഷളായതോടെയാണ് എണ്ണവിലയിൽ ഈ ഉയർച്ച ഉണ്ടായത്. ഗൾഫ് കടൽപ്പാതകളിലൂടെ സഞ്ചരിച്ചിരുന്ന മൂന്ന് ചരക്ക് കപ്പലുകൾക്ക് നേരെ ആക്രമണം നടന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ആഗോള വിപണികളിൽ വലിയ ആശങ്കയാണ് ഉയർന്നത്. ഈ വാർത്ത പുറത്തുവന്നതോടെ പല രാജ്യങ്ങളിലെയും ഓഹരി വിപണികൾ ഇടിവ് രേഖപ്പെടുത്തി.
പ്രധാനമായും ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ ഗതാഗത പാതകളിൽ ഒന്നായ ഹോർമുസ് കടലിടുക്ക് പ്രദേശത്ത് സംഘർഷം വർധിക്കുന്നതാണ് വിപണികളെ ആശങ്കപ്പെടുത്തുന്നത്. ഹോർമുസ് കടലിടുക്കിലൂടെ ലോകത്തിലെ വലിയൊരു വിഹിതം എണ്ണ കയറ്റുമതി ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ഈ മേഖലയിലെ സുരക്ഷാ ഭീഷണി ആഗോള ഊർജ്ജ വിപണിയെയും സമ്പദ്‌വ്യവസ്ഥയെയും നേരിട്ട് ബാധിക്കുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.
ഇതിനിടെ അറബ് രാജ്യങ്ങൾക്കെതിരെ ഇറാന്റെ ആക്രമണശ്രമങ്ങളും തുടരുന്നുവെന്നാണ് റിപ്പോർട്ടുകൾ. സൗദി അറേബ്യയെ ലക്ഷ്യമിട്ട് കഴിഞ്ഞ രാത്രിയിൽ ഏകദേശം അമ്പതോളം ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണ ശ്രമം നടത്തിയതായി റിപ്പോർട്ടുകളുണ്ട്. ഇതുവരെ ഉണ്ടായതിൽ വെച്ച് ഏറ്റവും വലിയ ആക്രമണ ശ്രമങ്ങളിലൊന്നാണിതെന്നാണ് സുരക്ഷാ വൃത്തങ്ങൾ പറയുന്നത്.
അതിനൊപ്പം യുഎഇയും കഴിഞ്ഞ ദിവസം പത്ത് ബാലിസ്റ്റിക് മിസൈലുകൾ തടഞ്ഞുവെന്ന് അറിയിച്ചു. കിഴക്കൻ പ്രവിശ്യ, പ്രിൻസ് സുൽത്താൻ എയർബേസ്, ഷൈബാ എണ്ണപ്പാടം എന്നിവയെ ലക്ഷ്യമിട്ടായിരുന്നു പ്രധാനമായും ആക്രമണ ശ്രമങ്ങൾ നടന്നത്. എന്നാൽ ആളപായമോ വലിയ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനിടെ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ യോഗത്തിലും വിഷയത്തെ ചൊല്ലി വലിയ തർക്കം പൊട്ടിപ്പുറപ്പെട്ടു. ഇറാന്റെ ആണവ പദ്ധതികളും മധ്യപൂർവ്വേഷ്യയിലെ സംഘർഷാവസ്ഥയും ചർച്ചയായ യോഗത്തിൽ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങൾ തമ്മിൽ ശക്തമായ വാക്കേറ്റം ഉണ്ടായി.
മധ്യപൂർവ്വേഷ്യയിലെ ഈ സംഘർഷാവസ്ഥ തുടർന്നാൽ ആഗോള എണ്ണവിതരണത്തിലും വ്യാപാരത്തിലും കൂടുതൽ സമ്മർദ്ദം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. അതിനാൽ അടുത്ത ദിവസങ്ങളിൽ എണ്ണവില വീണ്ടും ഉയരാനിടയുണ്ടെന്നും വിപണികൾ സൂചിപ്പിക്കുന്നു.
ഇന്ധനവില ഉയരുന്നത് ലോകമെമ്പാടുമുള്ള രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയ്ക്കും ഉപഭോക്താക്കൾക്കും അധിക ബാധ്യത സൃഷ്ടിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.














































































































































































































































































































































