ഇറാനിൽ പ്രതിഷേധ തീപടരുന്നു; ഇന്റർനെറ്റ് വിച്ഛേദിച്ച് സർക്കാർ, പഹ്‌ലവിയുടെ ആഹ്വാനം ഖമനേയിക്ക് വെല്ലുവിളി
ദുബായ്: ശക്തമായ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളാൽ ഇറാൻ വീണ്ടും ഇളകിമറിയുന്നു. വ്യാഴാഴ്ച രാത്രി മുതൽ രാജ്യത്ത് ഇന്റർനെറ്റ് സേവനങ്ങളും അന്താരാഷ്ട്ര ടെലിഫോൺ ബന്ധങ്ങളും വ്യാപകമായി വിച്ഛേദിച്ചതായി അന്താരാഷ്ട്ര നിരീക്ഷണ സംഘടനകൾ സ്ഥിരീകരിച്ചു. നാടുകടത്തപ്പെട്ട മുൻരാജകുമാരനും കിരീടാവകാശിയുമായ റെസ പഹ്‌ലവി നൽകിയ ആഹ്വാനത്തെ തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആയിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങുകയായിരുന്നു.
1979ലെ ഇസ്ലാമിക വിപ്ലവത്തിന് മുൻപ് ഇറാനിൽ ഭരിച്ചിരുന്ന ഷാ മുഹമ്മദ് റെസ പഹ്‌ലവിയുടെ മകനാണ് റെസ പഹ്‌ലവി. വിപ്ലവത്തിന് ശേഷം രാജവംശം അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ടതോടെ അദ്ദേഹം രാജ്യവിട്ടു പോകുകയായിരുന്നു. വിദേശത്ത് നിന്ന് നൽകിയ അദ്ദേഹത്തിന്റെ പ്രതിഷേധ ആഹ്വാനം ഇറാനിൽ ശക്തമായ പ്രതികരണങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. ഷായെ പിന്തുണയ്ക്കുന്നതും രാജവംശത്തെ അനുകൂലിക്കുന്നതും ഇറാനിൽ അതീവ ഗുരുതരമായ കുറ്റമായി കണക്കാക്കപ്പെടുന്ന സാഹചര്യത്തിലാണ് ഈ പ്രകടനങ്ങൾ നടക്കുന്നത്.
നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും വ്യാപകമായ പ്രതിഷേധങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. നിരവധി മാർക്കറ്റുകളും ബസാറുകളും അടച്ചിട്ടു. സർക്കാരിനെതിരായ മുദ്രാവാക്യങ്ങളും പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിക്കെതിരായ പ്രതിഷേധങ്ങളും ശക്തമായി ഉയർന്നു. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും രാത്രി 8 മണിക്ക് തെരുവിലിറങ്ങണമെന്നായിരുന്നു പഹ്‌ലവിയുടെ ആഹ്വാനം. അതനുസരിച്ചാണ് ജനങ്ങൾ സംഘടിതമായി പ്രതിഷേധിച്ചത്.
അക്രമ സംഭവങ്ങളിൽ ഇതുവരെ 42 പേർ കൊല്ലപ്പെട്ടതായും 2,270ൽ അധികം പേരെ സുരക്ഷാ സേന കസ്റ്റഡിയിലെടുത്തതായും യുഎസ് ആസ്ഥാനമായ ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. പ്രതിഷേധം ശക്തമാകുന്നതിനിടെ സർക്കാരിന്റെ അടിച്ചമർത്തൽ നടപടികളും വർധിച്ചിട്ടുണ്ട്.
ഇന്റർനെറ്റ് സേവനങ്ങൾ പൂർണമായോ ഭാഗികമായോ നിലച്ചതായി ഇന്റർനെറ്റ് സുരക്ഷാ സ്ഥാപനമായ ക്ലൗഡ്ഫ്ലെയറും ഡിജിറ്റൽ അവകാശ സംഘടനയായ നെറ്റ്ബ്ലോക്സും അറിയിച്ചു. ദുബായിൽ നിന്ന് ഇറാനിലേക്കുള്ള ലാൻഡ്‌ലൈൻ, മൊബൈൽ കോളുകൾ ബന്ധിപ്പിക്കാൻ സാധിക്കാത്ത സാഹചര്യം ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇതുസംബന്ധിച്ച് ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.
പ്രതിഷേധങ്ങളുടെ വ്യാപ്തി വർധിക്കുന്നത് ഇറാൻ സർക്കാരിനും പരമോന്നത നേതാവായ ഖമനേയിക്കും മേലുള്ള സമ്മർദ്ദം കനത്തതായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. നിലവിലെ സാഹചര്യങ്ങൾ ഇറാന്റെ ആഭ്യന്തര രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമോ എന്ന ചോദ്യമാണ് അന്താരാഷ്ട്ര തലത്തിൽ ഉയരുന്നത്.









































































































































































































































































































































