എടിഎം പണം പിൻവലിക്കൽ ചാർജ് വർദ്ധിച്ചു; പുതിയ നിരക്കുകൾ മേയ് മുതൽ പ്രാബല്യത്തിൽ

ന്യൂഡൽഹി: എടിഎമ്മിൽനിന്നുള്ള പണം പിൻവലിക്കൽ ചാർജുകൾ വർദ്ധിപ്പിച്ചതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. മാസത്തിൽ അഞ്ചിലധികം തവണ പണം പിൻവലിക്കുന്നവർ ഇനി മുതൽ ഓരോ ഇടപാടിനും 23 രൂപ അടയ്ക്കേണ്ടിവരും. ഇതുവരെ ഈ തുക 21 രൂപയായിരുന്നു. പുതിയ നിരക്ക് മേയ് ഒന്നുമുതൽ പ്രാബല്യത്തിൽ വരും.
തങ്ങളുടെ സ്വന്തം ബാങ്ക് എടിഎമ്മുകളിൽ അക്കൗണ്ടുടമകൾക്ക് മാസത്തിൽ അഞ്ച് തവണ വരെ സൗജന്യമായി പണം പിൻവലിക്കാനാകും. ഇതിൽ സാമ്പത്തികവും സാമ്പത്തികേതര ഇടപാടുകൾ ഉൾപ്പെടും. മറ്റ് ബാങ്കുകളുടെ എടിഎമ്മുകളിൽ വൻനഗരങ്ങളിൽ മൂന്ന് തവണയും മറ്റ് നഗരങ്ങളിൽ അഞ്ച് തവണയും സൗജന്യമായി പണം പിൻവലിക്കാനാവും. അതിനു മുകളിലായാൽ പുതുക്കിയ നിരക്കുകൾ ബാധകമാകും.