എബിലിറ്റീസ് ഇന്ത്യാ എക്‌സ്‌പോ നാളെ മുതല്‍ കൊച്ചിയില്‍

വോല്‍ഷല്‍ എബിലിറ്റീസ് ആന്‍ഡ് അസിസ്റ്റീവ് ടെക്‌നോളജീസ് ആണ് ഫെബ്രുവരി രണ്ട് വരെയുള്ള പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. രാവിലെ പതിനൊന്ന് മണി മുതല്‍ രാത്രി ഒമ്പത് മണി വരെയാണ് പ്രദര്‍ശനം.
കൊച്ചി: അംഗപരിമിതര്‍ക്കുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും അംഗപരിമിതിയുള്ളവര്‍ നിര്‍മിച്ച ഉല്‍പ്പന്നങ്ങളും അവതരിപ്പിക്കുന്ന ആദ്യത്തെ സമഗ്ര ദേശീയ പ്രദര്‍ശനമായ എബിലിറ്റീസ് ഇന്ത്യാ എക്‌സ്‌പോ നാളെ (ജനുവരി 31) കൊച്ചി രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ആരംഭിക്കും.
വോല്‍ഷല്‍ എബിലിറ്റീസ് ആന്‍ഡ് അസിസ്റ്റീവ് ടെക്‌നോളജീസ് ആണ് ഫെബ്രുവരി രണ്ട് വരെയുള്ള പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. രാവിലെ പതിനൊന്ന് മണി മുതല്‍ രാത്രി ഒമ്പത് മണി വരെയാണ് പ്രദര്‍ശനം.നാളെ (ജനുവി 31) രാവിലെ 11 മണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ സംസ്ഥാന ഭിന്നശേഷി കമ്മിഷണര്‍ ഡോ. പി. ടി. ബാബുരാജന്‍ മുഖ്യാതിഥിയാകും. വായ കൊണ്ട് ചിത്രം വരച്ച് ശ്രദ്ധനേടിയ സുനിത ത്രിപ്പണിക്കര, കാല് കൊണ്ട് ചിത്രം വരയ്ക്കുന്ന സ്വപ്ന അഗസ്റ്റിന്‍ എന്നിവര്‍ ചിത്രങ്ങള്‍ വരച്ച് പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും.
ഒന്നിന് വൈകിട്ട് ആറ് മണിക്ക് വൈക്കം വിജയലക്ഷ്മിയുടെ സംഗീത പരിപാടി അരങ്ങേറും. മന്ത്രിമാരും എംഎല്‍എമാരും ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ മൂന്ന് ദിവസങ്ങളിലായി പ്രദര്‍ശനം സന്ദര്‍ശിക്കും. രണ്ടിന് വൈകിട്ട് നാല് മണിക്ക് നടക്കുന്ന സമാപന സമ്മേളനം വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.അംഗപരിമിതര്‍ക്കും വയോജനങ്ങള്‍ക്കും രോഗികള്‍ക്കും സഹായകമാകുന്ന ശാസ്ത്രസാങ്കേതിക ഉപകരണങ്ങളുടെയും വാഹനങ്ങളുടെയും പ്രദര്‍ശനം, വിപണനം, അംഗപരിമിതരായ സംരംഭകരുടെ വിവിധതരം ഉല്‍പ്പന്നങ്ങളുടെ വിപണനം എന്നിവയുള്‍പ്പെടുന്നതാണ് പ്രദര്‍ശനമെന്ന് വോല്‍ഷല്‍ എബിലിറ്റീസ് ആന്‍ഡ് അസിസ്റ്റീവ് ടെക്‌നോളജീസ് ചെയര്‍മാന്‍ സൈമണ്‍ ജോര്‍ജ് പറഞ്ഞു.