ഒന്നാം ക്ലാസ് പ്രവേശന പ്രായം ആറായി ഉയർത്താൻ സർക്കാർ നീക്കം: മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: കേരളത്തിൽ ഒന്നാം ക്ലാസ് പ്രവേശന പ്രായം ആറ് വയസാക്കി ഉയർത്താനുള്ള നീക്കത്തിൽ സർക്കാർ ആലോചിക്കുന്നതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. 2026-27 അധ്യയന വർഷം മുതൽ പുതിയ പരിഷ്‌കരണം നടപ്പിലാക്കാനാകുമെന്ന് മന്ത്രി അറിയിച്ചു.
നിലവിൽ കേരളത്തിൽ അഞ്ചു വയസ്സിലാണ് കുട്ടികൾ ഔപചാരിക വിദ്യാഭ്യാസത്തിലേക്ക് കടക്കുന്നത്. എന്നാൽ ശാസ്ത്രീയ പഠനങ്ങൾ പ്രകാരം കുട്ടികൾ ഔപചാരിക വിദ്യാഭ്യാസത്തിനായി കൂടുതൽ അനുയോജ്യരാകുന്നത് ആറാം വയസ്സിലാണ്. അതിനാൽ, ആധുനിക വിദ്യാഭ്യാസരീതികൾ പിന്തുടരുന്ന രാജ്യങ്ങളിൽ അഞ്ചിന് പകരം ആറുവയസ്സാണ് പ്രവേശന പ്രായമായി നിശ്ചയിച്ചിരിക്കുന്നത്. കേരളവും ഈ മാതൃക പിന്തുടരണമെന്നാണ് ആലോചിക്കുന്നത്.
ക്യാപ്പിറ്റേഷൻ ഫീസും പ്രവേശന പരീക്ഷകളും ശിക്ഷാർഹം
2009ലെ വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് ഒന്നാം ക്ലാസിൽ പ്രവേശനത്തിന് പരീക്ഷ നടത്തുകയോ ക്യാപ്പിറ്റേഷൻ ഫീസ് വാങ്ങുകയോ ചെയ്യുന്നത് നിയമവിരുദ്ധമാണെന്നും ഇത്തരം പരാതികൾ ലഭിച്ചാൽ കർശന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാഭ്യാസ അവകാശ നിയമത്തിലെ സെക്ഷൻ 13 (1) എ, ബി പ്രകാരമാണ് ഇതിന് നിരോധനം.
പരീക്ഷാ സംവിധാനം മെച്ചപ്പെടുത്തും
കഴിഞ്ഞ വർഷം ചില പരീക്ഷാ ചോദ്യപേപ്പറുകളിൽ പറ്റിയ തെറ്റുകൾ അടിയന്തിരമായി പരിശോധിക്കാനും തുടർ നടപടികൾ കൈക്കൊള്ളാനുമായി ആഭ്യന്തര അന്വേഷണം ആരംഭിച്ചതായി മന്ത്രി വ്യക്തമാക്കി. 2024-25 അധ്യയന വർഷം മുതൽ ഒന്നു മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള പരീക്ഷാ സംവിധാനം കൂടുതൽ ശാസ്ത്രീയമാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
നിരന്തര മൂല്യനിർണ്ണയം, ചോദ്യപേപ്പർ നിർമ്മാണം, അധ്യാപകർക്കുള്ള പരിശീലനം, ചോദ്യബാങ്ക് രൂപീകരണം എന്നിവയെ കൂടുതൽ കൃത്യമായി ക്രമീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. പുതുക്കിയ ചോദ്യപേപ്പറുകളുടെ മാതൃകയും മാർഗ്ഗരേഖയും എപ്രിൽ മാസത്തിൽ എസ്.സി.ഇ.ആർ.ടി. പ്രസിദ്ധീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.