കായലിന് മീതെ കേരളത്തിലെ ഏറ്റവും നീളമേറിയ പാലം; പെരുമ്പളം പാലം ഉദ്ഘാടനം ഉടൻ, ഏഴുദിവസത്തെ ആഘോഷങ്ങൾക്കും തീരുമാനം
ആലപ്പുഴ: കായലിന് കുറുകെ നിർമ്മിച്ച കേരളത്തിലെ ഏറ്റവും നീളമേറിയ പാലമായ പെരുമ്പളം പാലത്തിന്റെ ഉദ്ഘാടനം ഉടൻ നടക്കുമെന്ന് ദലീമ ജോജോ എംഎൽഎ അറിയിച്ചു. ഉദ്ഘാടനവുമായി ബന്ധപ്പെട്ട സംഘാടകസമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് എംഎൽഎ ഇക്കാര്യം വ്യക്തമാക്കിയത്. “ആരെയും മാറ്റിനിർത്താത്ത വികസനമാണ് ഇടതുപക്ഷ സർക്കാർ നടപ്പാക്കുന്നത്. അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് പെരുമ്പളം പാലം,” ദലീമ ജോജോ പറഞ്ഞു.
നിരവധി സാങ്കേതികവും ഭൗഗോളവുമായ വെല്ലുവിളികൾ അതിജീവിച്ചാണ് പാലം പൂർത്തീകരണ ഘട്ടത്തിലേക്ക് എത്തിയതെന്നും എംഎൽഎ പറഞ്ഞു. പാലം ഉദ്ഘാടനം ചെയ്യുന്ന ദിവസം തന്നെ പെരുമ്പളത്തേക്ക് ബസ് സർവീസ് ആരംഭിക്കുന്നതിനായി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറുമായി ചർച്ച നടത്തിയതായും, അതിന് അനുകൂല ഉറപ്പ് ലഭിച്ചതായും എംഎൽഎ വ്യക്തമാക്കി.
സംഘാടകസമിതി യോഗത്തിൽ തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. രജിത ടീച്ചർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ആർ. ഗിരീഷ് സമിതി രൂപീകരണ വിശദാംശങ്ങൾ അവതരിപ്പിച്ചു. 1001 അംഗങ്ങളടങ്ങുന്ന ജനറൽ കമ്മിറ്റി, 301 അംഗങ്ങളുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി, 20 അംഗങ്ങളടങ്ങുന്ന ആറു ഉപസമിതികൾ എന്നിവ ഉൾപ്പെടുന്ന വിപുലമായ സംഘാടകസമിതിയാണ് രൂപീകരിച്ചിരിക്കുന്നത്.
കെ.സി. വേണുഗോപാൽ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രൻ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ. നാസർ ഉൾപ്പെടെ ഒൻപത് പേർ രക്ഷാധികാരികളായും, മുൻ എംപി എ.എം. ആരിഫ് ചെയർമാനായും, ദലീമ ജോജോ എംഎൽഎ കൺവീനറായും സംഘാടകസമിതിയെ തെരഞ്ഞെടുത്തു. ഉദ്ഘാടനം തീയതി അന്തിമമാക്കിയിട്ടില്ലെങ്കിലും, ഏഴുദിവസം നീളുന്ന വിപുലമായ ആഘോഷ പരിപാടികളോടെയായിരിക്കും ഉദ്ഘാടനം നടക്കുക.
സാങ്കേതിക സവിശേഷതകൾ
1157 മീറ്റർ നീളവും 11 മീറ്റർ വീതിയുമുള്ള പെരുമ്പളം പാലം കരയിലുളള രണ്ട് തൂണുകൾ ഉൾപ്പെടെ 34 തൂണുകളിലാണ് നിലനിൽക്കുന്നത്. രണ്ടുവരി ഗതാഗതത്തിന് അനുയോജ്യമായ 7.5 മീറ്റർ വീതിയുള്ള റോഡും, ഇരുവശങ്ങളിലും 1.5 മീറ്റർ വീതിയുള്ള നടപ്പാതകളും പാലത്തിലുണ്ട്. ദേശീയ ജലപാത കടന്നുപോകുന്ന മേഖലയിൽ ബാർജുകളും വലിയ യാനങ്ങളും തടസ്സമില്ലാതെ കടന്നുപോകുന്നതിനായി നടുവിൽ ബോസ്ട്രിങ് ആർച്ച് മാതൃകയിലാണ് പാലം രൂപകൽപ്പന ചെയ്തത്. വടുതല ഭാഗത്തും പെരുമ്പളം ഭാഗത്തുമായി 300 മീറ്റർ നീളമുള്ള സമീപന റോഡുകളും നിർമ്മിച്ചിട്ടുണ്ട്.
പാലം യാഥാർഥ്യമാകുന്നതോടെ ദ്വീപ് നിവാസികളുടെ ദീർഘകാല യാത്രാദുരിതങ്ങൾക്ക് ശാശ്വത പരിഹാരമാകും. ചേർത്തല–അരൂക്കുറ്റി റോഡിൽ നിന്ന് പെരുമ്പളം ദ്വീപ് വഴി വൈക്കം–പൂത്തോട്ട–തൃപ്പൂണിത്തുറ സംസ്ഥാനപാതയെ ബന്ധിപ്പിക്കുന്ന റോഡ് പദ്ധതിയുടെ ആദ്യഘട്ടമായാണ് ഈ പാലം വിഭാവനം ചെയ്തിരിക്കുന്നത്.









































































































































































































































































































































