കുവൈത്തിൽ ഡ്രോൺ ആക്രമണം; മിന അൽ അഹ്മദി റിഫൈനറിയിൽ തീപിടിത്തം, ഗൾഫിൽ സംഘർഷം രൂക്ഷം
കുവൈത്ത്: ഗൾഫ് മേഖലയിലെ സംഘർഷാവസ്ഥ കൂടുതൽ രൂക്ഷമാകുന്നതിനിടെ കുവൈത്തിലെ മിന അൽ അഹ്മദി റിഫൈനറിയിൽ ഡ്രോൺ ആക്രമണം ഉണ്ടായതായി ഔദ്യോഗിക സ്ഥിരീകരണം. കുവൈത്ത് നാഷണൽ പെട്രോളിയം കമ്പനിയുടെ നിയന്ത്രണത്തിലുള്ള റിഫൈനറിയിലെ ഒരു ഓപ്പറേഷണൽ യൂണിറ്റിനെയാണ് ലക്ഷ്യമിട്ടത്. ആക്രമണത്തെ തുടർന്ന് ചെറിയ തോതിൽ തീപിടിത്തം ഉണ്ടായെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
സംഭവത്തിന് പിന്നാലെ അടിയന്തര പ്രതികരണ സംഘങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയതെന്ന് കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ വ്യക്തമാക്കി. നിലവിൽ സ്ഥിതിഗതികൾ നിരീക്ഷണത്തിലാണ്, കൂടുതൽ വിവരങ്ങൾ ഔദ്യോഗിക മാർഗങ്ങളിലൂടെ മാത്രമേ പുറത്തുവിടുകയുള്ളൂ എന്നും അധികൃതർ അറിയിച്ചു.
അതേസമയം, ഗൾഫ് മേഖലയിലെ മറ്റ് രാജ്യങ്ങളിലും ആക്രമണ ഭീഷണി നിലനിൽക്കുന്നു. ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലെ എൽഎൻജി പ്ലാന്റ് ലക്ഷ്യമിട്ട് നടന്ന മിസൈൽ ആക്രമണത്തിൽ വ്യാപക നാശനഷ്ടം ഉണ്ടായതായി അന്താരാഷ്ട്ര റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതിവാതക കയറ്റുമതി കേന്ദ്രങ്ങളിൽ ഒന്നായ ഈ പ്ലാന്റ് ആഗോള വിതരണ ശൃംഖലയിൽ നിർണായക പങ്കുവഹിക്കുന്നതാണ്.
റാസ് ലഫാനിൽ നടന്ന ആക്രമണത്തിന് പിന്നാലെ തീപിടിത്തവും റിപ്പോർട്ട് ചെയ്തിരുന്നു. നാല് മിസൈലുകൾ പ്രതിരോധ സംവിധാനങ്ങൾ തടഞ്ഞെങ്കിലും ഒന്ന് നിർവീര്യമാക്കാൻ കഴിഞ്ഞില്ലെന്നാണ് വിവരങ്ങൾ. പിന്നാലെ അബുദാബിയിലെ ഹബ്ഷാൻ ഗ്യാസ് പ്ലാന്റുകളിൽ മിസൈൽ അവശിഷ്ടങ്ങൾ വീണതിനെ തുടർന്ന് പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചതായി റിപ്പോർട്ടുണ്ട്.
ഇറാന്റെ മുന്നറിയിപ്പിനെ തുടർന്ന് ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലെ ഊർജ്ജ കേന്ദ്രങ്ങൾ ഉയർന്ന ജാഗ്രതയിലാണ്. ഇസ്രായേൽ ആക്രമണങ്ങൾക്ക് മറുപടിയായാണ് ഈ നീക്കങ്ങൾ ഉണ്ടാകുന്നതെന്ന വിലയിരുത്തലും ശക്തമാണ്. ഇതോടെ ആഗോള തലത്തിൽ ഇന്ധന വിതരണത്തിലും വിലയിലും വലിയ അലയൊലികൾ സൃഷ്ടിക്കപ്പെടാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.
ഗൾഫ് മേഖലയിലെ ഈ അതീവ സംഘർഷാവസ്ഥ ഇന്ത്യ ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങളുടെ ഊർജ്ജ സുരക്ഷയെ നേരിട്ട് ബാധിക്കാനിടയുണ്ടെന്നും വിലയിരുത്തപ്പെടുന്നു. അടുത്ത ദിവസങ്ങളിൽ സ്ഥിതിഗതികൾ എങ്ങനെ മാറും എന്നതിനെ ആശ്രയിച്ചായിരിക്കും ആഗോള വിപണിയുടെ ദിശയും നിശ്ചയിക്കപ്പെടുക.




















































































































































































































































































































































