കേരളത്തിൽ ശക്തമായ മഴ : റെഡ് അലേർട്ടിൽ നാല് ജില്ലകൾ, വടക്കൻ ജില്ലകളിൽ ഇന്ന് സൈറൺ മുഴങ്ങും

കേരളത്തിൽ അതിതീവ്ര മഴ തുടരവെ, ഇന്ന് സംസ്ഥാനത്തിന്റെ വടക്കൻ ജില്ലകളിൽ സൈറൺ മുഴങ്ങും. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ റെഡ് അലർട്ടിലുള്ള ജില്ലകളിലാണ് വൈകിട്ട് അഞ്ചുമണിക്ക് ‘കവചം’ മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായി സൈറൺ മുഴങ്ങുന്നത്. അടിയന്തരാവസ്ഥയിലേക്കുള്ള ജാഗ്രതാ സന്ദേശമാണ് ഇതിലൂടെ ജനങ്ങളിലേക്കെത്തുന്നത്.
ഇത് കൂടാതെ, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകൾക്ക് ഓറഞ്ച് അലർട്ട്, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകൾക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിയോടും കാറ്റോടും കൂടിയ മഴ വീഴാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
മലബാർ മേഖലയിൽ ഇപ്പോൾ കനത്ത മഴയാണ്. കണ്ണൂരിലും സമീപ പ്രദേശങ്ങളിലും വീടുകൾക്കും മരങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. കുറുവയിൽ വീടിന് മുകളിലേക്ക് മതിലിടിഞ്ഞത്, കൊയ്യത്തിൽ മരം വീണ് മേൽക്കൂര തകർന്നത് തുടങ്ങി നിരവധി സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തലുകൾ പ്രകാരം, അടുത്ത നാല്–അഞ്ച് ദിവസത്തിനുള്ളിൽ കേരളത്തിൽ കാലവർഷം എത്തിച്ചേരാൻ സാധ്യതയുണ്ട്. മധ്യ കിഴക്കൻ അറബിക്കടലിൽ ചക്രവാതചുഴി രൂപപ്പെടാൻ സാധ്യതയുള്ളതും, പിന്നീട് ന്യൂനമർദ്ദമായി രൂപം പിടിക്കാമെന്നുമാണ് മുന്നറിയിപ്പ്. മേയ് 23ന് ശേഷം മഴയുടെ ശക്തി വീണ്ടും ഉയരുമെന്നാണ് ആകെയുള്ള പ്രവചനം.