കൊച്ചിയിൽ എയർ ഇന്ത്യയുടെ ഡിജിറ്റൽ ഇന്നൊവേഷൻ സെൻ്റർ ഉദ്ഘാടനം ചെയ്തു

ഇന്ത്യയിലെ എയർലൈൻ വ്യവസായം കൂടുതൽ ആധുനികമാക്കുന്നതിനും സേവനങ്ങളുടെ ഗുണമേന്മ വർദ്ധിപ്പിക്കുന്നതിനും ഈ ഡിജിറ്റൽ ഇന്നൊവേഷൻ സെന്റർ വലിയ പങ്ക് വഹിക്കും.
കൊച്ചി: ഇന്ത്യയുടെ മുൻനിര വിമാന കമ്പനിയായ എയർ ഇന്ത്യ, കേരളത്തിൽ ഡിജിറ്റൽ തലത്തിൽ വിപുലമായ പുതുമകളിലേക്ക് കാൽവെയ്ക്കുന്നു. കൊച്ചിയിലെ ഇൻഫോപാർക്ക് സെക്കന്റ് ഫേസിൽ നിലവിൽ വന്ന എയർ ഇന്ത്യയുടെ ഡിജിറ്റൽ ഇന്നൊവേഷൻ സെൻ്റർ ടാറ്റാ ഗ്രൂപ്പ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.
ഡിജിറ്റൽ സാങ്കേതികവിദ്യ, അത്യാധുനിക ഡാറ്റാ അനലിറ്റിക്സ്, നിർമിത ബുദ്ധി എന്നിവയുടെ ഉപയോഗത്തിലൂടെ എയർ ഇന്ത്യയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുക എന്നതാണ് ഈ കേന്ദ്രത്തിന്റെ ലക്ഷ്യം. യാത്രക്കാർക്ക് മെച്ചപ്പെട്ട അനുഭവങ്ങൾ നൽകുന്ന ഡിജിറ്റൽ സംവിധാനങ്ങൾ വികസിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. യാത്രക്കാർക്ക് സ്വയം ഉപയോഗിക്കാവുന്ന ഡിജിറ്റൽ അസിസ്റ്റന്റുകളെ രൂപപ്പെടുത്താനും ഇവ അവരുടെ ആവശ്യങ്ങൾ മുൻകൂട്ടി തിരിച്ചറിയാനും കഴിയണമെന്ന് ചന്ദ്രശേഖരൻ അഭിപ്രായപ്പെട്ടു.
ഉദ്ഘാടനം ചടങ്ങിൽ എയർ ഇന്ത്യ മാനേജിങ് ഡയറക്ടർ & സിഇഒ കാംപ്ബെൽ വിൽസൺ, ചീഫ് ഡിജിറ്റൽ ആൻഡ് ടെക്നോളജി ഓഫിസർ ഡോ. സത്യ രാമസ്വാമി, ഗവർണൻസ് റെഗുലേറ്ററി കോർപറേറ്റ് അഫയേഴ്സ് ഗ്രൂപ് മേധാവി പി. ബാലാജി എന്നിവർ പങ്കെടുത്തു.
കാസ്‌പിയൻ ടെക്‌പാർക്ക്സിലാണ് ഡിജിറ്റൽ ഇന്നൊവേഷൻ സെന്റർ പ്രവർത്തിക്കുന്നത്. ഒൻപത് നിലകളിലായി വർക്ക് സ്റ്റേഷനുകൾ, മീറ്റിങ് റൂമുകൾ, കൊളാബറേഷൻ സ്പെയിസുകൾ, ചർച്ചാ കാബിനുകൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ബോധി ട്രീ എന്ന പേരിൽ ഡിസൈൻ കൊളാബറേഷൻ മേഖല ഒരുക്കിയിട്ടുണ്ട്.
തിരുവിതാംകൂർ, വേണാട്, കൊച്ചി, വള്ളുവനാട്, ഏറനാട്, കോഴിക്കോട്, അറക്കൽ, കോട്ടയം, ചിറക്കൽ എന്നീ കേരളത്തിലെ പഴയ രാജവംശങ്ങളുടെ പേരുകളാണ് വിവിധ നിലകൾക്ക് നൽകിയിരിക്കുന്നത്.
ഡിജിറ്റൽ വിപ്ലവത്തിലേക്ക് എയർ ഇന്ത്യ
എയർ ഇന്ത്യയുടെ സിഇഒ കാംപ്ബെൽ വിൽസൺ അഭിപ്രായപ്പെട്ടു: “ഇന്ത്യയിലെ എയർലൈൻ വ്യവസായം കൂടുതൽ ആധുനികമാക്കുന്നതിനും സേവനങ്ങളുടെ ഗുണമേന്മ വർദ്ധിപ്പിക്കുന്നതിനും ഈ ഡിജിറ്റൽ ഇന്നൊവേഷൻ സെന്റർ വലിയ പങ്ക് വഹിക്കും.”
ചീഫ് ഡിജിറ്റൽ ആൻഡ് ടെക്നോളജി ഓഫീസർ ഡോ. സത്യ രാമസ്വാമി വ്യക്തമാക്കി: “ഡിജിറ്റൽ ടച്ച് പോയിന്റുകൾ, നിർമിത ബുദ്ധി പോലുള്ള സാങ്കേതികവിദ്യകളിലൂടെ എയർ ഇന്ത്യയുടെ യാത്രാ അനുഭവം കൂടുതൽ സുഖപ്രദമാക്കും.”
എയർ ഇന്ത്യയുടെ ഡിജിറ്റൽ ഉന്നതിയിലേക്ക് മുന്നേറ്റം തുടരും!