ഗോവിന്ദച്ചാമി ജയില്‍ ചാടല്‍: ഡിഐജിയുടെ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും; കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സാധ്യത
കൊടുംകുറ്റവാളിയായ ഗോവിന്ദച്ചാമി ജയില്‍ ചാടിയ സംഭവത്തില്‍ ജയില്‍ ഡിഐജിയുടെ വിശദമായ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ജയില്‍ മേധാവിക്ക് കൈമാറും. തുടര്‍ നടപടികള്‍ ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എടുക്കുമെന്നാണ് പ്രതീക്ഷ. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ഗുരുതരമായ സുരക്ഷാ വീഴ്ചയെയാണ് ഡിഐജി പ്രാഥമിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ ജയില്‍ ജീവനക്കാര്‍ക്കെതിരെ നടപടി ഉണ്ടാകാനാണ് സാധ്യത.
ഗോവിന്ദച്ചാമിയുമായി നേരിട്ട് ബന്ധം പുലര്‍ത്തിയ സഹതടവുകാരുടെയും, ഇതിനകം സസ്പെന്‍ഷനിലായ ഉദ്യോഗസ്ഥരുടെയും മൊഴികള്‍ പൊലീസ് ഇന്ന് രേഖപ്പെടുത്തും.
ഇതിനിടെ, ജയില്‍ ചാടലുമായി ബന്ധപ്പെട്ട് ഒരു ഉദ്യോഗസ്ഥന് കൂടി സസ്പെന്‍ഷനിലായി. കൊട്ടാരക്കര സ്പെഷ്യല്‍ സബ് ജയിലിലെ ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ അബ്ദുല്‍ സത്താറിനെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. ഗോവിന്ദച്ചാമി ജയില്‍ വിട്ടതിന് ശേഷം മാധ്യമങ്ങളോട് ചില വിവരങ്ങള്‍ പങ്കുവെച്ചത് വകുപ്പിന്റെ മാനക്കേടിന് കാരണമായെന്നും, മറ്റ് ഉദ്യോഗസ്ഥരുടെ മനോവീര്യത്തെ ബാധിച്ചെന്നുമാണ് ജയില്‍ വകുപ്പിന്റെ കണ്ടെത്തല്‍. അബ്ദുല്‍ സത്താര്‍ മുമ്പ് ജോലി ചെയ്തിരുന്ന കണ്ണൂര്‍ ജയിലുമായി ബന്ധപ്പെട്ട വിവരങ്ങളാണ് മാധ്യമങ്ങളോട് പറഞ്ഞത്.
അതേസമയം, ഗോവിന്ദച്ചാമി ജയില്‍ ചാടുന്നത് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സുരക്ഷ സംവിധാനത്തിലെ പൂർണ്ണ പരാജയമാണ് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്. സംഭവത്തില്‍ പുറത്ത് നിന്നുള്ള സഹായമില്ലായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സഹതടവുകാരെയും മറ്റ് ജയില്‍ ജീവനക്കാരെയും വീണ്ടും ചോദ്യം ചെയ്യാനാണ് തീരുമാനം









































































































































































































































































































































