മാർച്ച്‌ 7, 2026
#latest news #News

തീവ്ര വോട്ടർ പട്ടിക പരിഷ്കരണം: കണക്കുകളിൽ വൈരുദ്ധ്യമെന്ന് ആരോപിച്ച് രാഷ്ട്രീയ കക്ഷികൾ

Intensive Voter List Revision raises concerns in Kerala

തിരുവനന്തപുരം: സംസ്ഥാനത്ത് നടന്നു വരുന്ന തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകളിൽ ഗുരുതര പിശകുകളുണ്ടെന്ന ആരോപണവുമായി പ്രധാന രാഷ്ട്രീയ കക്ഷികൾ രംഗത്ത്. തിരികെ ലഭിക്കാത്ത എന്യുമറേഷൻ ഫോമുകളുടെ എണ്ണം 20 ലക്ഷത്തിൽ നിന്ന് പെട്ടെന്ന് 25 ലക്ഷമായി ഉയർന്നത് എങ്ങനെയെന്ന കാര്യത്തിൽ സിപിഎമ്മും കോൺഗ്രസും മുസ്ലിം ലീഗും ശക്തമായ സംശയം ഉന്നയിച്ചു.

തിരികെ ലഭിക്കാത്ത 25 ലക്ഷം ഫോമുകളിൽ 6,44,547 എണ്ണം മരണപ്പെട്ടവരുടേതാണെന്ന കണക്കിലാണ് സിപിഐ സംശയം പ്രകടിപ്പിച്ചത്. ഇത്രയും വലിയ തോതിൽ മരിച്ചവരുടെ വിവരങ്ങൾ എങ്ങനെ സ്ഥിരീകരിച്ചുവെന്ന കാര്യത്തിൽ വ്യക്തത വേണമെന്ന് പാർട്ടി ആവശ്യപ്പെട്ടു. മരണപ്പെട്ടവരുടെ പേരുവിവരങ്ങൾ പൊതുവിലാക്കണമെന്നും മുസ്ലിം ലീഗ് ആവശ്യപ്പെട്ടു.

കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് എന്യുമറേഷൻ ഫോം തിരികെ ലഭിക്കാത്തവരെ കണ്ടെത്താൻ വീണ്ടും ശ്രമം നടത്തണമെന്ന് യോഗത്തിൽ പങ്കെടുത്ത രാഷ്ട്രീയ കക്ഷികൾ ആവശ്യപ്പെട്ടു. ഈ വിഭാഗത്തിലുള്ളവരുടെ പട്ടിക ബൂത്ത് അടിസ്ഥാനത്തിൽ ബൂത്ത് ലെവൽ ഏജന്റുമാർക്ക് (BLA) ഉടൻ കൈമാറണമെന്നും അസംബ്ലി മണ്ഡലം അടിസ്ഥാനത്തിലുള്ള വിശദാംശങ്ങളും നൽകണമെന്നും ആവശ്യമുയർന്നു.

ഇതോടൊപ്പം, എന്യുമറേഷൻ ഫോം തിരികെ ലഭിക്കാത്ത 25 ലക്ഷം പേരുടെ വിവരങ്ങൾ ബിഎൽഎമാർക്ക് കൈമാറുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ (CEO) യോഗത്തിൽ ഉറപ്പ് നൽകി. മരണപ്പെട്ടവരുടെ വിവരങ്ങൾ വീടുകളിൽ നിന്ന് ശേഖരിച്ചതാണെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം.

എന്യുമറേഷൻ ഫോം ഒപ്പിട്ട് സമർപ്പിച്ച എല്ലാവരുടെയും പേര് കരട് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. കരട് പട്ടികയിൽ ഉൾപ്പെടാത്തവരുടെ ലിസ്റ്റ് പ്രത്യേകം പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അർഹതയുള്ള ഒരാളുടെയും പേര് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാകരുതെന്ന് ബിജെപി യോഗത്തിൽ ആവശ്യപ്പെട്ടു.

വോട്ടർ പട്ടികയിലെ സുതാര്യതയും വിശ്വാസ്യതയും ഉറപ്പാക്കണമെന്ന ആവശ്യമാണ് വിഷയത്തിൽ എല്ലാ രാഷ്ട്രീയ കക്ഷികളും മുന്നോട്ടുവയ്ക്കുന്നത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ വോട്ടർ പട്ടിക പരിഷ്കരണം വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു