മാർച്ച്‌ 7, 2026
#latest news #News #Uncategorized

തൊഴിലാളി സംഘടനകളുടെ രാജ്യവ്യാപക പണിമുടക്ക്

Kerala Bandh

തിരുവനന്തപുരം: രാജ്യത്തുടനീളം പ്രഖ്യാപിച്ച 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് കേരളത്തില്‍ വലിയ സ്വാധീനം ചെലുത്താൻ സാധ്യത. ഇന്ന് അര്‍ദ്ധരാത്രിയില്‍ ആരംഭിച്ച് നാളെ അര്‍ദ്ധരാത്രി വരെ നീളുന്ന സമരത്തിന് 10 പ്രമുഖ ദേശീയ തൊഴിലാളി സംഘടനകള്‍ നേതൃത്വം നല്‍കുന്നു. കേന്ദ്രത്തിന്റെ ലേബര്‍ കോഡുകൾക്കെതിരെ 17 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി, എച്ച്‌എംഎസ് ഉള്‍പ്പെടെയുള്ള സംഘടനകളുടെ നേതൃത്വത്തിലാണ് സമരം. വിവിധ സര്‍വീസ് സംഘടനകളും ജീവനക്കാരുടെ ഫെഡറേഷനുകളും പണിമുടക്കില്‍ പങ്കാളികളായതോടെ സംസ്ഥാനത്തെ പൊതുജീവിതം സ്തംഭിക്കാനുള്ള സാധ്യത വര്‍ധിച്ചിട്ടുണ്ട്. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കരുതെന്നും ട്രേഡ് യൂണിയനുകളുടെ സംയുക്ത സമരസമിതി ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നാളെ സാധാരണപോലെ നടക്കുമെന്നും ജീവനക്കാര്‍ സംതൃപ്തരാണ് എന്നും വ്യക്തമാക്കിയ പ്രസ്താവന സമരത്തെ ചുറ്റിയുള്ള സംശയങ്ങള്‍ വര്‍ധിപ്പിച്ചു. എന്നാല്‍ മന്ത്രി നടത്തിയ പ്രസ്താവനയെ തള്ളിയടിച്ചാണ് സി.പി.എം നേതാവ് എം. എ. ബേബി രംഗത്തെത്തിയത്. “കെഎസ്ആര്‍ടിസിയിലും മുഴുവന്‍ തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുക്കും” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ട്രേഡ് യൂണിയനുകള്‍ നേരത്തെ തന്നെ കെഎസ്ആര്‍ടിസിക്ക് കത്ത് നല്‍കിയിരുന്നുവെന്നും കെഎസ്ആര്‍ടിസി ജീവനക്കാര്‍ പണിമുടക്കില്‍ ഭാഗമായെന്നുമാണ് സംഘടനകളുടെ നിലപാട്. ഈ പശ്ചാത്തലത്തില്‍, നാളെ കേരളത്തില്‍ പൊതുവാഹനങ്ങളും സ്വകാര്യ സേവനങ്ങളും ഭാഗികമായി നിലച്ചേക്കുമെന്നതിനുള്ള എല്ലാ സാധ്യതകളും ഉയര്‍ന്നു.

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു