മാർച്ച്‌ 7, 2026
#latest news #News #Top News

പഠനഭാരം കുറയ്ക്കാൻ സർക്കാർ നീക്കം; പത്താംക്ലാസ് സിലബസ് 25% കുറയ്ക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

Kerala education department plans to reduce Class 10 syllabus

കൊല്ലം: സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികളുടെ പഠനഭാരം കുറയ്ക്കുന്നതിന് വിദ്യാഭ്യാസ വകുപ്പ് നിർണായക തീരുമാനത്തിലേക്ക്. പത്താം ക്ലാസിലെ സിലബസ് കുട്ടികൾക്ക് അധികഭാരമാകുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിൽ, അടുത്ത അധ്യയനവർഷം മുതൽ സിലബസ് ഏകദേശം 25 ശതമാനം വരെ കുറയ്ക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. കൊല്ലത്ത് നടന്ന ഒരു ചടങ്ങിൽ സംസാരിക്കവെയാണ് മന്ത്രിയുടെ പ്രഖ്യാപനം.

പത്താം ക്ലാസ് സോഷ്യൽ സയൻസ് വിഷയത്തിലെ സിലബസ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് മൂന്ന് വിദ്യാർത്ഥികൾ നേരിട്ട് മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. വിദ്യാർത്ഥികളുടെ ആശങ്കകൾ സർക്കാർ ഗൗരവത്തോടെ കാണുന്നുണ്ടെന്നും, പഠനം കുട്ടികൾക്ക് ബുദ്ധിമുട്ടാകാതെ ആസ്വദിക്കാവുന്ന രീതിയിലാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. സിലബസ് പരിഷ്കരണം വിദ്യാഭ്യാസ വിദഗ്ധരുടെയും അധ്യാപകരുടെയും അഭിപ്രായങ്ങൾ ഉൾപ്പെടുത്തി നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കൊല്ലം തേവലക്കരയിൽ സ്കൂളിൽ നിന്ന് വൈദ്യുതാഘാതമേറ്റ് മരിച്ച വിദ്യാർത്ഥി മിഥുന്റെ കുടുംബത്തിന് കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് നിർമിച്ച് നൽകിയ വീടിന്റെ താക്കോൽദാനവും മന്ത്രി നിർവഹിച്ചു. മിഥുന്റെ കുടുംബത്തിന് തണലാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞ മന്ത്രി, വാഗ്ദാനം നൽകി വീടുകൾ നിർമിക്കാതെ പണം പിരിയുന്ന കാലത്താണ് സ്കൗട്ട്സ് & ഗൈഡ്സ് ഈ മാതൃകാപരമായ പ്രവർത്തനം നടത്തിയതെന്നും പറഞ്ഞു.

മിഥുന്റെ മാതാപിതാക്കളിൽ ഒരാൾക്കെങ്കിലും തേവലക്കരയിലെ സ്കൂളിൽ ജോലി നൽകണമെന്ന് ബന്ധപ്പെട്ട അധികാരികളോട് അഭ്യർത്ഥിച്ചതായും വിദ്യാഭ്യാസമന്ത്രി അറിയിച്ചു. കുട്ടികളുടെ സുരക്ഷയും മാനസിക ആരോഗ്യവും വിദ്യാഭ്യാസ നയങ്ങളുടെ കേന്ദ്രബിന്ദുവാകണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വിദ്യാഭ്യാസ രംഗത്ത് വിദ്യാർത്ഥി സൗഹൃദ പരിഷ്കാരങ്ങളിലൂടെ പഠനസമ്മർദ്ദം കുറയ്ക്കാനും ഗുണമേന്മ ഉയർത്താനും സർക്കാർ തുടർച്ചയായി ഇടപെടുമെന്നും മന്ത്രി വ്യക്തമാക്കി.

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു