പശ്ചിമേഷ്യൻ സംഘർഷം ശക്തം: സർവീസുകൾ റദ്ദാക്കൽ തുടരുമെന്ന് ഇൻഡിഗോ
പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷ സാഹചര്യത്തെ തുടർന്ന് വിമാന സർവീസുകൾ റദ്ദാക്കുന്ന നടപടി തുടരുമെന്ന് IndiGo അറിയിച്ചു. സുരക്ഷാ സാഹചര്യങ്ങൾ പരിഗണിച്ചാണ് തീരുമാനം എടുത്തതെന്ന് കമ്പനി വ്യക്തമാക്കി. അതേസമയം, നാളത്തെ സർവീസുകൾ എയർ ആകാശയും റദ്ദാക്കിയിട്ടുണ്ട്. മാർച്ച് 7 വരെ ബുക്ക് ചെയ്ത യാത്രക്കാർക്ക് ഇളവുകളും മാറ്റങ്ങളും അനുവദിച്ചിട്ടുണ്ടെന്ന് വിമാനക്കമ്പനികൾ അറിയിച്ചു.
കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഇന്ത്യൻ വിമാനക്കമ്പനികൾ ചേർന്ന് ആകെ 760 സർവീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. ഇതിൽ ഡൽഹി വിമാനത്താവളം ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട കേന്ദ്രങ്ങളിലൊന്നാണ്. ഇന്ന് മാത്രം 87 വിമാന സർവീസുകളാണ് ഡൽഹിയിൽ റദ്ദാക്കിയത്. പുറപ്പെടാനിരുന്ന 37 സർവീസുകളും എത്തിച്ചേരാനിരുന്ന 50 സർവീസുകളും ഇതിൽ ഉൾപ്പെടുന്നു.
മൂന്നാം ദിവസവും അന്താരാഷ്ട്ര വിമാന സർവീസുകൾ പ്രതിസന്ധി നേരിടുകയാണെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. യാത്രക്കാർക്ക് മുൻകരുതലായി വിമാനത്തിന്റെ നില പരിശോധിച്ച ശേഷമേ യാത്രയ്ക്കായി പുറപ്പെടാവൂ എന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇതിനിടെ, പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമാകുന്നതായി അന്താരാഷ്ട്ര റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അമേരിക്ക-ഇസ്രായേൽ സംയുക്ത ആക്രമണങ്ങളിൽ ഇറാനിൽ 555 പേർ കൊല്ലപ്പെട്ടതായി ഇറാനിയൻ റെഡ് ക്രസന്റ് സൊസൈറ്റി അറിയിച്ചു. ഫാർസ് പ്രവിശ്യയിൽ ഇന്ന് മാത്രം 35 പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്.
ഇറാനിലെ 131 നഗരങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി റെഡ് ക്രസന്റ് വ്യക്തമാക്കി. സംഘർഷ മേഖലകളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുകയാണെന്നും സ്ഥിതിഗതികൾ അതീവ ഗുരുതരമാണെന്നും സംഘടന അറിയിച്ചു.
ആഗോള വ്യോമഗതാഗത രംഗത്ത് ഈ സംഘർഷം കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കാനിടയുണ്ടെന്നാണ് വിലയിരുത്തൽ.








































































































































































































































































































































