പഹൽഗാം ആക്രമണവുമായി ബന്ധപ്പെട്ട് രണ്ട് കശ്മീരി ഭീകരരുടെ വീടുകൾ സ്ഫോടനത്തിൽ തകർത്തു

പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച കശ്മീരിലെ രണ്ട് ഭീകരരുടെ വീടുകൾ സ്ഫോടനത്തിലൂടെ നശിപ്പിച്ചു. ത്രാൽ, ബീജ്ബെഹാര മേഖലകളിലായുള്ള ആസിഫ് ഷെയ്ഖിന്റെയും ആദിൽ തോക്കറിന്റെയും വീടുകളാണ് സുരക്ഷാസേനയും പ്രാദേശിക ഭരണകൂടവും ചേർന്ന് തകർത്തത്. ഭീകരതയ്ക്കെതിരെ കർശന നടപടിയെന്ന നിലയിൽ ഈ നീക്കമാണ് ഉണ്ടായത്.
അക്രമത്തിൽ നേരിട്ട് പങ്കെടുത്തവരുടെ ഒളിസങ്കേതം പിർ പഞ്ചാൽ പ്രദേശമായിരുന്നെന്ന സൂചനകളും സേനയ്ക്ക് ലഭിച്ചിട്ടുണ്ട്. ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകൻ ഹാഷിം മൂസ എന്ന സുലൈമാൻ പാകിസ്താൻ പൗരനാണ് എന്നാണ് വിവരങ്ങൾ. ഈ ഭീകരാക്രമണത്തിൽ പങ്കെടുത്ത രണ്ടുപേരും പാകിസ്താനിൽ നിന്നുള്ളവരാണെന്ന് ജമ്മു കശ്മീര്‍ പൊലീസ് സ്ഥിരീകരിച്ചു. ഹാഷിം മുസയും അലി ഭായിയും രണ്ട് വർഷം മുമ്പ് ഇന്ത്യയിലേക്ക് അനധികൃതമായി കടന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇവരോടൊപ്പം കശ്മീർ സ്വദേശിയായ ആദിൽ ഹുസൈൻ തോക്കറും അക്രമത്തിൽ പങ്കെടുത്തിരുന്നതായും പൊലീസ് പറയുന്നു.
ഇന്ത്യ, പാകിസ്ഥാന്റെ പങ്ക് വ്യക്തമാക്കാൻ യു.എസ്, യു.കെ, റഷ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളോട് വിശദീകരണം നൽകി. വിദേശകാര്യമന്ത്രാലയത്തിലേയ്ക്ക് അംബാസഡർമാരെ ക്ഷണിച്ച് ഇന്ത്യ തന്റെ നിലപാട് വിശദമായി അവതരിപ്പിച്ചു.