ഭൂചലനം ദുരിതം വിതച്ച മ്യാൻമറിന് ഇന്ത്യയുടെ സഹായഹസ്തം; 15 ടൺ ദുരിതാശ്വാസ സാധനങ്ങൾ എത്തിക്കുന്നു

ന്യൂഡൽഹി: ഭൂചലനത്താൽ കനത്ത നാശനഷ്ടങ്ങൾ അനുഭവിച്ച മ്യാൻമറിന് ഇന്ത്യ സഹായവുമായി. ഇന്ത്യൻ വ്യോമസേനയുടെ C-130J വിമാനം 15 ടൺ ദുരിതാശ്വാസ വസ്തുക്കളുമായി മ്യാൻമറിലേക്ക് പുറപ്പെട്ടു. ഹിൻഡൺ വ്യോമസേനാ സ്റ്റേഷനിൽ നിന്ന് വിമാനം ഇന്ന് പ്രഭാതത്തോടെ യാത്ര തിരിച്ചു.
ഭൂചലനബാധിതർക്കായി ടെന്റുകൾ, സ്ലീപ്പിംഗ് ബാഗുകൾ, പുതപ്പുകൾ, റെഡി-ടു-ഈറ്റ് ഭക്ഷണം, വാട്ടർ പ്യൂരിഫയർ, സോളാർ ലൈറ്റുകൾ, ജനറേറ്റർ സെറ്റുകൾ, അവശ്യ മരുന്നുകൾ തുടങ്ങിയ സാധനങ്ങളാണ് ഇന്ത്യൻ സർക്കാർ അയക്കുന്നത്. തായ്‍ലന്റിലെയും മ്യാൻമറിലെയും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സഹായം നൽകുന്നതിന് ഇന്ത്യൻ എംബസികൾ നേരത്തെ ഹെൽപ് ലൈൻ നമ്പറുകൾ തുറന്നിരുന്നു.
ഭൂചലനം: മരണസംഖ്യ കുതിച്ചു കയറുന്നു
മ്യാൻമറിലും തായ്‍ലന്റിലും ഉണ്ടായ ഭൂചലനത്തിൽ 1500-ലധികം ആളുകൾക്ക് പരിക്കേറ്റു, 700-ഓളം പേർ മരിച്ചതായാണ് ഔദ്യോഗിക റിപ്പോർട്ടുകൾ. ദുരന്തത്തിന്റെ ആഘാതം കുറയ്ക്കാൻ ഇരുവേരു രാജ്യങ്ങളും അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് രക്ഷാപ്രവർത്തനം ഊർജിതമാക്കിയിട്ടുണ്ട്. മ്യാൻമറിലെ സാഗൈങ്ങ് പ്രദേശത്തിന് വടക്കുപടിഞ്ഞാറായി രേഖപ്പെടുത്തിയ 7.7 തീവ്രതയുള്ള ഭൂചലനം വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ഉണ്ടായത്. അതിന്റെ പിന്നാലെ 6.7 തീവ്രതയുള്ള തുടർചലനം ഉണ്ടാകുകയും ചെയ്തു.
മ്യാൻമറിനൊപ്പം തായ്‍ലന്റിലും വലിയ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ബാങ്കോക്കിൽ നിർമാണത്തിലിരുന്ന ഒരു ബഹുനില കെട്ടിടം തകർന്നുവീണതിൽ 100-ഓളം തൊഴിലാളികൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുകളുണ്ട്. പ്രദേശത്ത് വ്യാപകമായി കെട്ടിടങ്ങൾ തകർന്നുവീണത് ദുരന്തത്തിന്റെ തീവ്രത ഉയർത്തികാട്ടുന്നു.
അന്താരാഷ്ട്ര തലത്തിൽ നിരവധി രാജ്യങ്ങൾ മ്യാൻമറിനും തായ്‍ലന്റിനും സഹായം നൽകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. രക്ഷാപ്രവർത്തനം പ്രതിരോധ സേനകളും ദേശീയ ദുരന്തനിവാരണ സേനകളും (NDRF) ചേർന്ന് നടത്തുന്നു. വെള്ളിയാഴ്ച രാത്രി 11.56ന് 4.2 തീവ്രതയുള്ള ഒരു തുടർചലനം കൂടി ഉണ്ടായതോടെ ഭീതിയിലായ ജനങ്ങൾ റോഡിലേക്കിറങ്ങേണ്ട സാഹചര്യം ഉണ്ടായി.
ഭൂചലനം കാരണം പാലങ്ങളും ഗതാഗത സൗകര്യങ്ങളും തകർന്നതിനാൽ രക്ഷാപ്രവർത്തനം കാര്യമായ വെല്ലുവിളികൾ നേരിടുകയാണ്. മ്യാൻമറിലെ തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ രക്ഷിക്കാൻ ശ്രമങ്ങൾ തുടരുകയാണ്.