മകരവിളക്ക് ദിനത്തിൽ കർശന നിയന്ത്രണങ്ങൾ: 35,000 പേർക്ക് മാത്രം പ്രവേശനം; 11 മണിക്ക് ശേഷം സന്നിധാനത്തിലേക്ക് പ്രവേശനം നിരോധിച്ച് ഹൈക്കോടതി
ശബരിമല മകരവിളക്ക് ഉത്സവ ദിനത്തിൽ തീർത്ഥാടകരുടെ സുരക്ഷയും ക്രമസമാധാനവും ഉറപ്പാക്കുന്നതിനായി ഹൈക്കോടതി കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മകരവിളക്ക് ദിനത്തിൽ സന്നിധാനത്തിലേക്ക് പ്രവേശനം ആകെ 35,000 പേർക്കു മാത്രമായി പരിമിതപ്പെടുത്തി. വെർച്വൽ ക്യൂ സംവിധാനം വഴി 30,000 പേർക്കും സ്പോട്ട് ബുക്കിങ് വഴി 5,000 പേർക്കുമാണ് അനുമതി.
കോടതി ഉത്തരവനുസരിച്ച്, ജനുവരി 14 (മകരവിളക്ക് ദിനം) രാവിലെ 10 മണിക്ക് ശേഷം നിലയ്ക്കലിൽ നിന്ന് ആരെയും പമ്പയിലേക്ക് കടത്തിവിടരുത്. അതുപോലെ, രാത്രി 11 മണി കഴിഞ്ഞാൽ പമ്പയിൽ നിന്ന് സന്നിധാനത്തിലേക്ക് പ്രവേശനം അനുവദിക്കരുത് എന്നും ഹൈക്കോടതി വ്യക്തമായ നിർദേശം നൽകി. തിരക്ക് നിയന്ത്രിക്കാനും അപകട സാധ്യത ഒഴിവാക്കാനുമാണ് ഈ നടപടികൾ.
ജനുവരി 13-ന് (മകരവിളക്ക് തലേ ദിവസം) വെർച്വൽ ക്യൂ വഴി 35,000 പേർക്കും സ്പോട്ട് ബുക്കിങ് വഴി 5,000 പേർക്കും മാത്രമേ ദർശനാനുമതി നൽകാവൂ എന്നും കോടതി നിർദേശിച്ചിട്ടുണ്ട്. തീർത്ഥാടകരുടെ ഒഴുക്ക് മുൻകൂട്ടി നിയന്ത്രിക്കാൻ ദേവസ്വം ബോർഡും ജില്ലാ ഭരണകൂടവും ഏകോപിതമായി പ്രവർത്തിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
മകരവിളക്ക് ദർശന സമയമായ വൈകിട്ട് 6 മുതൽ 7 വരെ അക്രഡിറ്റേഷൻ ഉള്ള മാധ്യമപ്രവർത്തകർക്ക് മാത്രം സന്നിധാനത്ത് പ്രവേശനം അനുവദിക്കും. ഒരു മാധ്യമസ്ഥാപനത്തിൽ നിന്ന് പരമാവധി രണ്ട് പ്രതിനിധികൾക്ക് മാത്രമേ പ്രവേശനം അനുവദിക്കാവൂ. ഈ സമയത്ത് കേബിളുകൾ, ട്രൈപോഡുകൾ, മറ്റ് സാങ്കേതിക ഉപകരണങ്ങൾ എന്നിവയുടെ ഉപയോഗം നിയന്ത്രിക്കാനുള്ള അധികാരം ചീഫ് കോർഡിനേറ്റർക്കും നൽകി.
ഭക്തജനങ്ങളുടെ സുരക്ഷയാണ് പ്രഥമ പരിഗണനയെന്ന് ഹൈക്കോടതി വ്യക്തമാക്കി. തീർത്ഥാടകർ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും, നിശ്ചിത സമയപരിധിക്കുള്ളിൽ ദർശനം പൂർത്തിയാക്കി മടങ്ങണമെന്നും കോടതി നിർദേശിച്ചു. മകരവിളക്ക് ദിനത്തിൽ ശബരിമലയിൽ ക്രമസമാധാനം നിലനിർത്താൻ പോലീസ്, ദേവസ്വം ബോർഡ്, വിവിധ സർക്കാർ വകുപ്പുകൾ എന്നിവ ശക്തമായ ഒരുക്കങ്ങൾ നടത്തും.









































































































































































































































































































































