മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു; കൊച്ചിയിൽ ചികിത്സയിലിരിക്കെ അന്ത്യം
കൊച്ചി: മുൻമന്ത്രിയും മുസ്‌ലിം ലീഗിന്റെ മുതിർന്ന നേതാവുമായ വി കെ ഇബ്രാഹിംകുഞ്ഞ് (74) അന്തരിച്ചു. ശ്വാസകോശ അർബുദത്തെ തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്ന അദ്ദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് ഇന്നലെയാണ് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അന്തരിച്ച വി കെ ഇബ്രാഹിംകുഞ്ഞിന്റെ മൃതദേഹം ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ ആശുപത്രിയിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോകും. കളമശ്ശേരി ഞാലകം കൺവെൻഷൻ സെന്ററിൽ വൈകിട്ട് ആറ് മണി മുതൽ രാത്രി പത്ത് മണിവരെ പൊതുദർശനം ഉണ്ടായിരിക്കും. തുടർന്ന് മൃതദേഹം ആലുവയിലെ വീട്ടിലേക്ക് കൊണ്ടുപോകും. നാളെ രാവിലെ 10 മണിക്ക് ആലങ്ങാട് ജുമാ മസ്ജിദിൽ കബറടക്കം നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
മുസ്‌ലിം ലീഗിലൂടെ കേരള രാഷ്ട്രീയത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച നേതാവായിരുന്നു വി കെ ഇബ്രാഹിംകുഞ്ഞ്. നാല് തവണ എംഎൽഎയും രണ്ട് തവണ മന്ത്രിയുമായ അദ്ദേഹം, മധ്യകേരളത്തിൽ പാർട്ടിയെ ശക്തിപ്പെടുത്തിയ ജനകീയ മുഖം എന്ന നിലയിൽ ശ്രദ്ധേയനായി.
എംഎസ്എഫിലൂടെയാണ് വിദ്യാർത്ഥി രാഷ്ട്രീയത്തിൽ തുടക്കം. തുടർന്ന് 2001, 2006 വർഷങ്ങളിൽ മട്ടാഞ്ചേരി മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്കെത്തി. 2011, 2016 വർഷങ്ങളിൽ കളമശ്ശേരി മണ്ഡലത്തെ പ്രതിനിധീകരിച്ചു.
-
മട്ടാഞ്ചേരി മണ്ഡലത്തിന്റെ അവസാന എംഎൽഎ
-
കളമശ്ശേരി മണ്ഡലത്തിന്റെ ആദ്യ എംഎൽഎ
എന്ന പ്രത്യേകതകളും അദ്ദേഹത്തിനുണ്ട്. -
2005–2006: വ്യവസായ–സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി
-
2011–2016: ഉമ്മൻചാണ്ടി മന്ത്രിസഭയിൽ പൊതുമരാമത്ത് മന്ത്രി ,പൊതുമരാമത്ത് വകുപ്പിൽ അടിസ്ഥാനസൗകര്യ വികസനത്തിന് അദ്ദേഹം നൽകിയ ഊന്നൽ ശ്രദ്ധേയമായിരുന്നു. റോഡുകളും പാലങ്ങളും ഉൾപ്പെടെയുള്ള പദ്ധതികളിൽ പ്രവർത്തനപരമായ മാറ്റങ്ങൾ അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ നടപ്പിലായതായി രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
തെക്കൻ കേരളത്തിൽ മുസ്‌ലിം ലീഗിന്റെ സാന്നിധ്യം ശക്തിപ്പെടുത്താൻ ഓടിനടന്ന് പ്രവർത്തിച്ച നേതാവായിരുന്നു വി കെ ഇബ്രാഹിംകുഞ്ഞ്. എറണാകുളം തട്ടകമായിരുന്നെങ്കിലും പാണക്കാട് കുടുംബത്തിന്റെ വിശ്വസ്തൻ എന്ന നിലയിലും പാർട്ടിയിലെ ഐക്യത്തിന്റെ മുഖമായും അറിയപ്പെട്ടു. സാധാരണക്കാർ ഏത് ആവശ്യത്തിനും നേരിട്ട് സമീപിക്കാവുന്ന രാഷ്ട്രീയക്കാരൻ എന്ന പേരും അദ്ദേഹത്തിനുണ്ടായിരുന്നു.
ഐസ്‌ക്രീം പാർലർ കേസിന്റെ പശ്ചാത്തലത്തിൽ പി കെ കുഞ്ഞാലിക്കുട്ടി രാജിവച്ചപ്പോൾ, അന്ന് താരതമ്യേന ജൂനിയറായിരുന്നിട്ടും മന്ത്രിസ്ഥാനത്തേക്ക് വിളിപ്പിക്കപ്പെട്ടത് അദ്ദേഹത്തിനുള്ള വിശ്വാസ്യതയും പ്രവർത്തനശേഷിയും തെളിയിക്കുന്നു.
നിലവിൽ അദ്ദേഹം ഐയുഎംഎൽ നാഷണൽ എക്സിക്യൂട്ടീവ് അംഗം കൂടിയായിരുന്നു.
വി കെ ഇബ്രാഹിംകുഞ്ഞിന്റെ അന്ത്യം കേരള രാഷ്ട്രീയത്തിനും മുസ്‌ലിം ലീഗിനും വലിയ നഷ്ടമാണ്. സംഘടനാ പ്രവർത്തനവും ഭരണപരിചയവും ജനകീയ ബന്ധവും ഒരുമിച്ച് കൊണ്ടുനടന്ന നേതാവെന്ന നിലയിൽ അദ്ദേഹത്തിന്റെ സംഭാവനകൾ ദീർഘകാലം ഓർമ്മിക്കപ്പെടും.








































































































































































































































































































































