മെസിയുടെ സന്ദർശനത്തിന് പിന്നാലെ കൊൽക്കത്തയിൽ അക്രമം; സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ വ്യാപക നാശനഷ്ടം
കൊൽക്കത്ത: അർജന്റീന ഫുട്ബോൾ ഇതിഹാസം ലിയോണൽ മെസിയുടെ കൊൽക്കത്ത സന്ദർശനത്തിന് പിന്നാലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടു. മെസി സ്റ്റേഡിയത്തിൽ വളരെ കുറച്ചുനേരം മാത്രമേ ചെലവഴിച്ചുള്ളൂ എന്ന ആരോപണമാണ് പ്രതിഷേധത്തിന് വഴിവച്ചത്. പരിപാടിയിൽ പങ്കെടുക്കാനെത്തിയ മെസി ഏകദേശം പത്ത് മിനിറ്റിനകം വേദി വിട്ടതോടെ, അദ്ദേഹത്തെ വ്യക്തമായി കാണാനാകാതിരുന്ന ആരാധകർ പ്രകോപിതരായി.
മെസി സ്റ്റേഡിയം വിട്ട ഉടൻ തന്നെ ചില കാണികൾ സീറ്റുകൾ തകർക്കുകയും മൈതാനത്തേക്ക് കുപ്പികളും മറ്റ് വസ്തുക്കളും എറിയുകയും ചെയ്തു. ടിക്കറ്റുകൾക്ക് 5,000 മുതൽ 25,000 രൂപ വരെ ചെലവഴിച്ചാണ് തങ്ങൾ പരിപാടിക്കെത്തിയതെന്നും, ഇത്ര കുറച്ച് സമയത്തെ സാന്നിധ്യം അംഗീകരിക്കാനാകില്ലെന്നും പ്രതിഷേധക്കാർ ആരോപിച്ചു. പോലീസിന് സാഹചര്യങ്ങൾ നിയന്ത്രിക്കാൻ ബുദ്ധിമുട്ടുണ്ടായതായി റിപ്പോർട്ടുകളുണ്ട്.
രാത്രി 11.15 ഓടെ സ്റ്റേഡിയത്തിലെത്തിയ മെസി, ആരാധകരെ അഭിസംബോധന ചെയ്യാതെയാണ് മടങ്ങിയത്. ഇതോടെയാണ് അക്രമസംഭവങ്ങൾ രൂക്ഷമായത്. സംഘർഷത്തെ തുടർന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൗരവ് ഗാംഗുലി, ബോളിവുഡ് താരം ഷാരൂഖ് ഖാൻ, പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി എന്നിവർക്ക് സ്റ്റേഡിയത്തിനുള്ളിലേക്ക് പ്രവേശിക്കാൻ സാധിച്ചില്ല.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ സ്റ്റേഡിയത്തിലെ കസേരകൾ തകർത്തതും മൈതാനത്തേക്ക് വസ്തുക്കൾ എറിയുന്നതും വ്യക്തമാണ്. സംഘാടകൻ സതാദ്രു ദത്തയും ബംഗാൾ മന്ത്രി അരൂപ് ബിശ്വാസും മെസിയോടൊപ്പം ഉണ്ടായിരുന്നുവെന്നാണ് വിവരം. അതേസമയം, തിരക്കുമൂലം പ്രസ് ബോക്സിൽ നിന്നുപോലും മെസിയെ വ്യക്തമായി കാണാനായില്ലെന്ന് ചില ഫോട്ടോഗ്രാഫർമാർ പറഞ്ഞു.
മെസിയോടുള്ള ആദരസൂചകമായി ലോകകപ്പ് കൈയിൽ പിടിച്ച് നിൽക്കുന്ന 70 അടി ഉയരമുള്ള പ്രതിമയുടെ അനാച്ഛാദനവും ഇന്ന് കൊൽക്കത്തയിൽ നടന്നു. ഹൈദരാബാദും മുംബൈയും ഉൾപ്പെടെയുള്ള പരിപാടികൾക്ക് ശേഷം മെസി ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് അറിയിപ്പ്. ഇന്റർ മയാമിയിലെ സഹതാരങ്ങളായ ലൂയിസ് സുവാരസും റോഡ്രിഗോ ഡി പോളും മെസിയോടൊപ്പം യാത്ര ചെയ്യുന്നു.









































































































































































































































































































































