റഷ്യൻ തീരത്ത് വൻ ഭൂചലനം; ജപ്പാനും റഷ്യയും സുനാമി ഭീഷണിയിൽ
റഷ്യയുടെ കാംചാക്ക തീരത്ത് റിക്ടർ സ്കെയിലിൽ 8.7 തീവ്രതയുള്ള ശക്തമായ ഭൂചലനം അനുഭവപ്പെട്ടതിനെ തുടർന്നാണ് ജപ്പാനും റഷ്യയും സുനാമി ഭീഷണിയിലാകുന്നത്. ജപ്പാനിലും റഷ്യയിലും തീരപ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ അടിയന്തരമായി ഒഴിപ്പിച്ചു. അമേരിക്കൻ തീരപ്രദേശങ്ങളിലേക്കും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ജപ്പാനിലെ വടക്കുകിഴക്കൻ തീരത്ത് മൂന്ന് മീറ്റർ ഉയരത്തിൽ കൂറ്റൻ തിരമാലകൾ ആഞ്ഞടിച്ചതായി ജപ്പാൻ കാലാവസ്ഥാ ഏജൻസി അറിയിച്ചു. ഫുക്കുഷിമയിലെ ആണവ നിലയവും അടിയന്തരമായി ഒഴിപ്പിക്കപ്പെട്ടു.ഇവിടെ വൈദ്യുതി ബന്ധം പൂർണമായും നിലച്ചതായും റിപ്പോർട്ടുകളുണ്ട്.
റഷ്യയിൽ വലിയ കെട്ടിടങ്ങൾ തകർന്നു വീണു. ഒരു കിൻഡർഗാർട്ടൻ പൂർണമായും തകർന്നതോടെ ഒരുകുട്ടിയെ കാണാതായതായും വിവരം. ഭൂകമ്പത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചുവരികയാണ്.
ഭൂകമ്പം ഉണ്ടായത് പെട്രോപാവ്ലോസ്ക് നഗരത്തിൽ നിന്ന് 134 കിലോമീറ്റർ തെക്ക് കിഴക്കായി, 74 കിലോമീറ്റർ ആഴത്തിലാണ് പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. 2011ലെ ജപ്പാൻ ഭൂചലനത്തിനുശേഷം രേഖപ്പെടുത്തിയ ഏറ്റവും ശക്തമായ ഭൂചലനമാണിതെന്ന് വിദഗ്ധർ പറയുന്നു.









































































































































































































































































































































