വടക്കൻ കേരളത്തിൽ നിശബ്ദ പ്രചാരണം; രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ
വടക്കൻ കേരളത്തിൽ ഇന്ന് നിശബ്ദ പ്രചാരണദിനം. സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ തൃശ്ശൂർ മുതൽ കാസർഗോട് വരെയുള്ള ഏഴ് ജില്ലകളിൽ നടക്കും. രാവിലെ എട്ട് മണിയോടെ പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിക്കുമെന്നതിനാൽ എല്ലാ കേന്ദ്രങ്ങളിലും കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ആദ്യഘട്ട വോട്ടെടുപ്പിൽ തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിൽ ശരാശരി 70.9 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. അന്തിമ കണക്ക് ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിടും. വോട്ടിംഗ് യന്ത്രത്തിലെ തകരാറിനെ തുടർന്ന് നിർത്തിവെച്ച ആലപ്പുഴ മണ്ണഞ്ചേരിയിൽ നാളെ റീപോളിംഗ് നടത്തും. ഡിസംബർ 13-നാണ് വോട്ടെണ്ണൽ.
തൃശ്ശൂർ മുതൽ കാസർകോട് വരെ വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിൽ ഇന്ന് നിശബ്ദ പ്രചാരണമാണ്. അവസാന നിമിഷ ഓട്ടത്തിലൂടെ വോട്ടർമാരെ നേരിൽ കണ്ടുമുട്ടി പിന്തുണ ഉറപ്പിക്കാൻ മുന്നണികളും സ്ഥാനാർത്ഥികളും ഇന്നലെ വരെ ശ്രമിച്ചു. കൊട്ടിക്കലാശ ദിനത്തിൽ ഉണ്ടായ ചില അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
തെക്കൻ ജില്ലകളിൽ ആദ്യഘട്ട വോട്ടെടുപ്പിന് പിന്നാലെ രാഷ്ട്രീയ കക്ഷികൾ വിലയിരുത്തലുകളിൽ തിരക്കിലാണ്. മികച്ച പോളിംഗ് അവരുടെ അനുകൂലമാകും എന്നാണ് മുന്നണികളുടെ വിലയിരുത്തൽ. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനെക്കാൾ കൂടുതൽ സീറ്റുകൾ നേടുമെന്നാണ് എൽഡിഎഫും യുഡിഎഫും പ്രതീക്ഷിക്കുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പ് നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപുള്ള “റിഹേഴ്സൽ” എന്നാണ് എൻഡിഎ വിശേഷിപ്പിക്കുന്നത്. ശബരിമല സ്വർണക്കൊള്ളയും സർക്കാർ വിരുദ്ധ വികാരവും കോൺഗ്രസിനെ അനുകൂലിക്കുമെന്നും ബിജെപി ഉയർത്തുന്ന വിഷയങ്ങൾ തങ്ങൾക്കനുകൂലമാകുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ കേസിനെ ഉയർത്തി എൽഡിഎഫും ശക്തമായ പ്രതിരോധം നടത്തി. വിവാദങ്ങളുടെ സ്വാധീനം ഏത് മുന്നണിക്കാണ് കൈവന്നതെന്ന് ശനിയാഴ്ച ഫലം പുറത്തുവരുമ്പോൾ വ്യക്തമാകും.









































































































































































































































































































































