ശബരിമല സ്വര്‍ണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാർ അറസ്റ്റിൽ
ശബരിമല സ്വര്‍ണക്കൊള്ള കേസിൽ അന്വേഷണത്തിൽ വലിയ മുന്നേറ്റം. 2019-ൽ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന എ പത്മകുമാറിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നഗരത്തിലെ രഹസ്യ സ്ഥലത്ത് മണിക്കൂറുകളോളം നടത്തിയ ചോദ്യം ചെയ്യലിനുശേഷമാണ് അറസ്റ്റ്. സ്വര്‍ണക്കൊള്ള കേസിലെ ആറാമത്തെ അറസ്റ്റാണിത്. സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമായ പത്മകുമാറിനെ ഇന്ന് തന്നെ കൊല്ലം വിജി കോടതിയിൽ ഹാജരാക്കും.
കട്ടിളപ്പാളിയിലെ സ്വര്‍ണം കവര്‍ന്ന കേസിൽ ബോർഡിൻ്റെ അറിവോടെയാണ് തട്ടിപ്പ് നടന്നതെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. 2019ലെ ബോർഡിനെ തന്നെ കേസിൽ പ്രതിചേർത്തിരുന്നു. അറസ്റ്റിലായ മുരാരി ബാബു ഉൾപ്പെടെ ഉദ്യോഗസ്ഥരുടെയും മൊഴി ബോർഡിൻ്റെ രേഖാമൂലമുള്ള തീരുമാനങ്ങളെ സൂചിപ്പിക്കുന്നുവെന്നാണ് അന്വേഷണസംഘം വിലയിരുത്തുന്നത്. ശബരിമലയിൽ പോറ്റിക്ക് അമിത സ്വാതന്ത്ര്യം നൽകിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
ഇതിനിടെ, കേസിലെ മൂന്നാം പ്രതിയായ മുൻ ദേവസ്വം കമ്മീഷണർ എൻ വാസുവിനെ ഇന്ന് വൈകിട്ട് 4 മണിവരെ എസ്ഐടിക്ക് കസ്റ്റഡിയിൽ നൽകാൻ കോടതി അനുമതി നൽകി. വാസുവിനെ കോടതിയിൽ എത്തിച്ചപ്പോൾ ബിജെപി പ്രവർത്തകർ പ്രതിഷേധം നടത്തി, പൊലീസ് ബലം പ്രയോഗിച്ച് നീക്കിയതിനുശേഷമാണ് കസ്റ്റഡി നടപടികൾ പൂർത്തിയാക്കിയത്. മുരാരി ബാബുവിൻ്റെ ജാമ്യാപേക്ഷയിലും ഇന്ന് വാദം തുടരും.









































































































































































































































































































































