മാർച്ച്‌ 7, 2026
#latest news #News

സിനിമാ ഷൂട്ടിങ്ങിനുള്ള ഡ്യൂപ്ലിക്കേറ്റ് നോട്ട് വിപണിയിൽ; 500 രൂപ നോട്ടുമായി തട്ടിപ്പ്, ആർട്ട് അസിസ്റ്റന്റ് അറസ്റ്റിൽ

Duplicate currency used in market

മലപ്പുറം: സിനിമാ ചിത്രീകരണത്തിന് മാത്രം ഉപയോഗിക്കുന്ന ഡ്യൂപ്ലിക്കേറ്റ് കറൻസി നോട്ടുകൾ പൊതുവിപണിയിൽ വിനിമയം നടത്തിയ കേസിൽ സിനിമാ ആർട്ട് സംഘത്തിലെ അംഗം അറസ്റ്റിൽ. ആലപ്പുഴ സ്വദേശി വളവിൽചിറ ഷൽജിൻ (50) എന്ന ആർട്ട് അസിസ്റ്റന്റിനെയാണ് കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയിൽ നിന്ന് 500 രൂപയുടെ 391 വ്യാജ നോട്ടുകൾ പൊലീസ് പിടിച്ചെടുത്തു.

കുറ്റിപ്പുറം–തവനൂർ റോഡിലെ ജിലേബി കടയിലാണ് സംഭവം പുറത്തറിഞ്ഞത്. ഷൽജിൻ 500 രൂപയുടെ ഒരു നോട്ട് നൽകി 70 രൂപയ്ക്ക് ജിലേബി വാങ്ങി ബാക്കി 430 രൂപ കൈപ്പറ്റി മടങ്ങുകയായിരുന്നു. എന്നാൽ സംശയം തോന്നിയ കടക്കാരൻ കൈവശമുണ്ടായിരുന്ന മറ്റൊരു 500 രൂപ നോട്ടുമായി ഇത് താരതമ്യം ചെയ്തപ്പോൾ നോട്ടിന്റെ കനത്തിലും അച്ചടിയിലും വ്യത്യാസം കണ്ടു. ഇതോടെ തട്ടിപ്പ് മനസ്സിലാക്കിയ കടക്കാരൻ ബഹളം വെക്കുകയും നാട്ടുകാർ പ്രതിയെ തടഞ്ഞുവെക്കുകയും ചെയ്തു. പിന്നാലെ പൊലീസിനെ വിവരം അറിയിച്ചു.

അന്വേഷണത്തിൽ, സിനിമാ ഷൂട്ടിംഗിനായി മാത്രം ഉപയോഗിക്കേണ്ട നോട്ടുകളിൽ ഉണ്ടായിരുന്ന “For Film Shooting Only” എന്ന മുന്നറിയിപ്പ് എഴുത്ത് മായ്ച്ചുകളഞ്ഞാണ് പ്രതി ഇവ പൊതുവിപണിയിൽ ഉപയോഗിച്ചതെന്ന് കണ്ടെത്തി. എറണാകുളത്തെ ഒരു പ്രസ്സിൽ നിന്നാണ് ഇത്തരം ഡ്യൂപ്ലിക്കേറ്റ് നോട്ടുകൾ വാങ്ങിയതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചതായും പറയുന്നു.

പച്ചക്കറി കടകൾ, മീൻ മാർക്കറ്റുകൾ, ലോട്ടറി കടകൾ, ചെറുകിട വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് പ്രതി കൂടുതലായി നോട്ടുകൾ ചെലവഴിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. കുറ്റിപ്പുറം, എടപ്പാൾ, പൊന്നാനി മേഖലകളിലായി ഇയാൾ നിത്യോപയോഗ സാധനങ്ങൾ വാങ്ങുന്നതിന്റെ മറവിൽ തട്ടിപ്പ് നടത്തിയതായി അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. ഏകദേശം രണ്ട് വർഷത്തോളമായി ഇത്തരത്തിൽ വ്യാജ നോട്ടുകൾ ഉപയോഗിച്ച് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം.

സംഭവം ഗൗരവമായ സാമ്പത്തിക കുറ്റകൃത്യമാണെന്ന് ചൂണ്ടിക്കാട്ടിയ പൊലീസ്, സിനിമാ വ്യവസായവുമായി ബന്ധപ്പെട്ട് ഡ്യൂപ്ലിക്കേറ്റ് കറൻസി നിർമ്മാണവും വിതരണം ചെയ്യുന്ന ശൃംഖല ഉണ്ടോയെന്ന് പരിശോധിച്ചു വരികയാണ്. പ്രതിയെ അറസ്റ്റ് ചെയ്ത ശേഷം തിരൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ ചോദ്യം ചെയ്യാനും പൊലീസ് തയ്യാറെടുക്കുകയാണ്.

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു