മാർച്ച്‌ 7, 2026
#latest news #News

സർക്കാർ ഓഫീസുകൾക്ക് 5 പ്രവൃത്തി ദിനം; സമയക്രമം പുനഃക്രമീകരിക്കാൻ നീക്കം, സർവീസ് സംഘടനകൾ സ്വാഗതം ചെയ്തു

Kerala Govt Offices Five Day Work Plan

തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിനം അഞ്ചാക്കി മാറ്റുന്നതിനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട്. നിർദേശത്തെ സർവീസ് സംഘടനകൾ സ്വാഗതം ചെയ്തു. ജീവനക്കാരുടെ അഭിപ്രായങ്ങൾ ക്രോഡീകരിച്ച് അജണ്ട തയ്യാറാക്കി മുഖ്യമന്ത്രിയെ അറിയിക്കുമെന്ന് ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് വ്യക്തമാക്കി. അന്തിമ തീരുമാനത്തിന് മുമ്പ് ജീവനക്കാരുടെ സംഘടനകളുമായി ഒരു വട്ടം കൂടി ചർച്ച നടത്താനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

നിലവിൽ സർക്കാർ ഓഫീസുകളുടെ പ്രവർത്തന സമയം രാവിലെ 10.15 മുതൽ വൈകിട്ട് 5.15 വരെയാണ്. അഞ്ചുദിന പ്രവർത്തി സമ്പ്രദായത്തിലേക്ക് മാറുമ്പോൾ ആഴ്ചയിൽ ഏകദേശം ഏഴ് മണിക്കൂർ പ്രവർത്തി സമയം കുറയുന്ന സാഹചര്യമുണ്ടാകും. ഇത് പരിഹരിക്കുന്നതിനായി ദിവസവും ഒരു മണിക്കൂർ അധികമായി ജോലി ചെയ്യണമെന്ന നിർദേശമാണ് സർവീസ് സംഘടനകൾ മുന്നോട്ടുവെച്ചിരിക്കുന്നത്. ഇതനുസരിച്ച് രാവിലെ 9.30ന് ഓഫീസ് തുറക്കുകയും വൈകിട്ട് 5.30 വരെ പ്രവർത്തനം നീട്ടുകയും ചെയ്യാമെന്നാണ് പ്രധാന നിർദേശം.

അവധി ദിനങ്ങൾ വർധിപ്പിക്കുന്നതല്ല, ഒരു ദിവസം അധികം ജോലി ചെയ്യുന്നതിന് പകരമായി ലഭിക്കുന്ന ഓഫ് മാത്രമാണെന്നാണ് സർവീസ് സംഘടനകളുടെ വിശദീകരണം. ക്യാഷ്വൽ ലീവ് ഉൾപ്പെടെ ജീവനക്കാരുടെ അവകാശപ്പെട്ട അവധികളിൽ യാതൊരു കുറവും വരുത്തരുതെന്ന നിലപാടാണ് സംഘടനകൾ യോഗത്തിൽ വ്യക്തമാക്കിയത്.

കോൺഗ്രസ് അനുകൂല സർവീസ് സംഘടനകൾ, ഈ നിർദേശം തിരഞ്ഞെടുപ്പ് സ്റ്റണ്ടായി മാറരുതെന്ന് ചൂണ്ടിക്കാട്ടി. അതേസമയം, പൊതുഅവധി ദിനങ്ങളിൽ നിന്ന് കുറയ്ക്കുന്ന കാര്യത്തിൽ സർക്കാർ വ്യക്തമായ നിർദേശം മുന്നോട്ടുവച്ചാൽ പരിശോധിക്കാമെന്ന് എൻജിഒ യൂണിയനും ജോയിന്റ് കൗൺസിലും ഉൾപ്പെടെയുള്ള സംഘടനകൾ അറിയിച്ചു.

സർക്കാർ ഓഫീസുകളുടെ പ്രവർത്തി ദിനം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ സംഘടനകളുടെ നിലപാട് അറിയുന്നതിനായാണ് യോഗം വിളിച്ചതെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു. നിലവിലെ അഭിപ്രായങ്ങൾ ക്രോഡീകരിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും, സമവായത്തിലൂടെയാണ് അന്തിമ തീരുമാനമെടുക്കുകയെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. പൊതുജന സേവനത്തിന്റെ ഗുണനിലവാരം നിലനിർത്തിക്കൊണ്ടായിരിക്കും മാറ്റങ്ങൾ നടപ്പാക്കുകയെന്നതാണ് സർക്കാർ നിലപാട്.

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു