മാർച്ച്‌ 7, 2026
#latest news #Movies

24 കോടിയിൽ ഒരുങ്ങി 74 കോടി നേടിയ ബ്ലോക്ക്ബസ്റ്റർ; അജിത്തിന്റെ ‘മങ്കാത്ത’ റീ റിലീസ് ട്രെയിലർ പുറത്ത്

Mankatha re-release

ചെന്നൈ: ഇന്ത്യൻ സിനിമയിൽ വീണ്ടും ശക്തമായ ട്രെൻഡായി മാറുകയാണ് ഹിറ്റ് ചിത്രങ്ങളുടെ റീ റിലീസ്. പഴയകാല വിജയ ചിത്രങ്ങൾ പുതുമയുള്ള ഹൈപ്പോടെ വീണ്ടും തിയറ്ററുകളിലെത്തുമ്പോൾ പ്രേക്ഷക പ്രതികരണവും ആഘോഷമാകുകയാണ്. ഈ പട്ടികയിലേക്കാണ് അജിത്ത് കുമാർ നായകനായ എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രം ‘മങ്കാത്ത’ വീണ്ടും എത്തുന്നത്. ചിത്രത്തിന്റെ റീ റിലീസ് ട്രെയിലർ പുറത്തിറങ്ങിയതോടെ സോഷ്യൽ മീഡിയയിൽ വൻ പ്രതികരണമാണ് ലഭിക്കുന്നത്.

2011ൽ പുറത്തിറങ്ങിയ ‘മങ്കാത്ത’ അജിത്തിന്റെ കരിയറിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ ചിത്രങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു. ഏകദേശം 24 കോടി രൂപ ബജറ്റിൽ ഒരുങ്ങിയ ചിത്രം ബോക്‌സ് ഓഫീസിൽ 74.25 കോടി രൂപ വരെ കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ടുകൾ. റിലീസ് കാലത്തേതിനേക്കാൾ വലിയ ആഘോഷത്തോടെയാണ് ചിത്രം വീണ്ടും ജനുവരി 23ന് തിയറ്ററുകളിലേക്ക് എത്താൻ ഒരുങ്ങുന്നത്. ട്രെയിലർ പുറത്തുവന്നതിന് പിന്നാലെ തന്നെ ആരാധകർ ചിത്രത്തെ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ്.

വെങ്കട് പ്രഭു സംവിധാനം ചെയ്ത ‘മങ്കാത്ത’യിൽ അജിത്തിന്റെ നെഗറ്റീവ് ഷെയ്ഡ് കഥാപാത്രം വലിയ ചർച്ചയായിരുന്നു. യുവൻ ശങ്കർ രാജയുടെ പശ്ചാത്തല സംഗീതവും ഗാനങ്ങളും ചിത്രത്തിന് വേറിട്ട ഊർജം നൽകി. ശക്തി ശരവണൻ ഛായാഗ്രാഹണം നിർവഹിച്ച ചിത്രം സ്റ്റൈലിഷ് മേക്കിങ്ങിനാലും ശ്രദ്ധ നേടിയിരുന്നു. അജിത്തിനൊപ്പം അർജുൻ, തൃഷ, അഞ്ജലി, വൈഭവ്, ആൻഡ്രിയ, അശ്വിൻ, പ്രേംജി അമരൻ, മഹത് രാഘവേന്ദ്ര, ജയപ്രകാശ്, അരവിന്ദ് ആകാശ് തുടങ്ങിയ വൻ താരനിരയും ചിത്രത്തിലുണ്ടായിരുന്നു.

റീ റിലീസ് ട്രെയിലർ പുറത്തിറങ്ങിയതിന് പിന്നാലെ “ഇത് വെറും റീ റിലീസ് അല്ല, ഒരു ഫെസ്റ്റിവൽ റിലീസാണ്” എന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് ആരാധകർ പങ്കുവെക്കുന്നത്. ആദ്യ റിലീസിൽ കണ്ട അതേ ആവേശം വീണ്ടും തിയറ്ററുകളിൽ അനുഭവിക്കാമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

അതേസമയം, അജിത്ത് നായകനായി ഏറ്റവും ഒടുവിൽ തിയറ്ററുകളിൽ എത്തിയ ചിത്രം ‘ഗുഡ് ബാഡ് അഗ്ലി’ ആയിരുന്നു. ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ തൃഷയാണ് നായിക. അർജുൻ ദാസ്, പ്രഭു, പ്രസന്ന, സുനിൽ, ജാക്കി ഷ്രോഫ്, റെഡിൻ കിംഗ്സ്ലി, ഷൈൻ ടോം ചാക്കോ, ടിന്നു ആനന്ദ്, പ്രിയ പ്രകാശ് വാര്യർ, കാർത്തികേയ ദേവ്, സായാജി ഷിൻഡെ, രഘു റാം, ഉഷ ഉതുപ്പ്, രാഹുൽ ദേവ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി. അഭിനന്ദൻ രാമാനുജനായിരുന്നു ഛായാഗ്രാഹണം.

‘മങ്കാത്ത’യുടെ റീ റിലീസിലൂടെ അജിത്ത് ആരാധകർക്ക് വീണ്ടും ഒരു ആഘോഷകാലം തന്നെയാകും വരാനിരിക്കുന്നത് എന്നുറപ്പാണ്.

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു