മാർച്ച്‌ 7, 2026
#latest news #Sports

അണ്ടർ-19 ലോകകപ്പ് സെമി: അഫ്ഗാനിസ്ഥാൻ 310, ഇന്ത്യക്ക് 311 റൺസ് വിജയലക്ഷ്യം; പ്രതീക്ഷകൾ വൈഭവിൽ

India vs Afghanistan U19 WC Semi

ഹരാരെ: അണ്ടർ-19 ലോകകപ്പ് സെമി ഫൈനലിൽ ഇന്ത്യയ്ക്ക് മുന്നിൽ കൂറ്റൻ വെല്ലുവിളി ഉയർത്തി അഫ്ഗാനിസ്ഥാൻ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ നിശ്ചിത 50 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 310 റൺസ് അടിച്ചുകൂട്ടി. ഫൈസൽ ഷിനോസദയുടെയും ഉസൈറുള്ള നിയാസിയുടെയും ശതകങ്ങളാണ് അഫ്ഗാനിസ്ഥാനെ വമ്പൻ സ്കോറിലേക്ക് നയിച്ചത്. ജയിക്കാൻ ഇന്ത്യയ്ക്ക് 311 റൺസാണ് ലക്ഷ്യം.

93 പന്തിൽ 110 റൺസ് നേടിയ ഫൈസൽ ഷിനോസദയാണ് അഫ്ഗാനിസ്ഥാന്റെ ടോപ് സ്കോറർ. അവസാന ഓവറിൽ സെഞ്ചുറിയിലെത്തിയ ഉസൈറുള്ള നിയാസി 86 പന്തിൽ 101 റൺസുമായി പുറത്താകാതെ നിന്നു. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 130 പന്തിൽ 148 റൺസ് കൂട്ടിച്ചേർത്തതാണ് ഇന്ത്യൻ ബൗളർമാർക്ക് തലവേദനയായത്.

ഓപ്പണർമാരായ ഉസ്മാൻ സാദത്ത് (39) – ഖാലിദ് അഹമ്മദ്‌സായ് (31) സഖ്യം 53 റൺസിന്റെ തുടക്കമാണ് അഫ്ഗാനിസ്ഥാൻ നൽകിയത്. ദീപേഷ് ദേവേന്ദ്രൻ ഖാലിദിനെ പുറത്താക്കി ഇന്ത്യക്ക് ആദ്യ ബ്രേക്ക് നൽകി. തുടർന്ന് ഉസ്മാൻ – ഫൈസൽ കൂട്ടുകെട്ട് 64 റൺസ് കൂട്ടിച്ചേർത്തെങ്കിലും 25-ാം ഓവറിൽ കനിഷ്ക് ചൗഹാൻ വിക്കറ്റെടുത്തതോടെ കൂട്ടുകെട്ട് തകർന്നു. എന്നാൽ പിന്നീട് ക്രീസിലെത്തിയ ഉസൈറുള്ള – ഫൈസൽ സഖ്യം ഇന്ത്യയെ പൂർണമായി പ്രതിരോധത്തിലാക്കി.

ഇന്ത്യൻ ബൗളർമാരിൽ ദീപേഷ് ദേവേന്ദ്രനും കനിഷ്ക് ചൗഹാനും രണ്ട് വിക്കറ്റ് വീതം നേടി. എന്നാൽ ഡെത്ത് ഓവറുകളിലെ ബൗളിംഗ് ഇന്ത്യക്ക് തിരിച്ചടിയായി.

ഇപ്പോൾ എല്ലാകണ്ണുകളും ഇന്ത്യൻ ബാറ്റിംഗ് നിരയിലേക്കാണ്. പ്രത്യേകിച്ച് ഓപ്പണർ വൈഭവ് സൂര്യവൻഷി നൽകുന്ന തുടക്കമാകും ഇന്ത്യയുടെ പ്രതീക്ഷ. മോശം ഫോമിലുള്ള ക്യാപ്റ്റൻ ആയുഷ് മാത്രെയിൽ നിന്നുമുള്ള വലിയ ഇന്നിംഗ്സും നിർണായകമാകും. അണ്ടർ-19 ക്രിക്കറ്റിൽ ഇന്ത്യയും അഫ്ഗാനിസ്ഥാനും നേർക്കുനേർ വരുന്ന 13-ാം മത്സരമാണിത്. ഇതുവരെ ഇന്ത്യ 10 മത്സരങ്ങളും അഫ്ഗാനിസ്ഥാൻ രണ്ട് മത്സരങ്ങളും ജയിച്ചിട്ടുണ്ട്.

ഫൈനലിലേക്കുള്ള ടിക്കറ്റ് ഉറപ്പാക്കാൻ ഇന്ത്യയ്ക്ക് അഫ്ഗാനിസ്ഥാൻ ഉയർത്തിയ ഈ കൂറ്റൻ ലക്ഷ്യം മറികടക്കേണ്ടതുണ്ട്.

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു