ഇടമലക്കുടിയിൽ മാതൃ–ശിശു രക്ഷാപ്രവർത്തനം; ആരോഗ്യ പ്രവർത്തകരുടെ അതിവേഗ ഇടപെടൽ രണ്ട് ജീവൻ രക്ഷിച്ചു
ഇടുക്കി ഇടമലക്കുടിയിൽ എട്ടുമാസം ഗർഭിണിയായ യുവതിയുടെയും കുഞ്ഞിന്റെയും ജീവൻ ആരോഗ്യ പ്രവർത്തകർ രക്ഷപ്പെടുത്തി. വനത്തിനുള്ളിലെ ഇടമലക്കുടി ഉന്നതിയിൽ നിന്ന് 18 കിലോമീറ്റർ ദൂരത്തിൽ നിന്ന് ആംബുലൻസ് ഉപയോഗിച്ച് യുവതിയെ അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ചതോടെയാണ് സുരക്ഷിത പ്രസവം സാധ്യമായത്. അമ്മയും കുഞ്ഞും ഇപ്പോൾ സുഖമാണ്.
ക്ഷയരോഗ ബോധവത്കരണ ക്യാമ്പിനായി ഇടമലക്കുടി കുടുംബാരോഗ്യ കേന്ദ്രത്തിൽ തങ്ങിയിരുന്ന ആരോഗ്യ പ്രവർത്തകരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
തൊടുപുഴ മൊബൈൽ മെഡിക്കൽ യൂണിറ്റിലെ ഡോ. എസ്.ഡി. അയ്യപ്പദാസ്, ഇടമലക്കുടി മെഡിക്കൽ ഓഫീസർ ഡോ. സഖിൽ രവീന്ദ്രൻ, നഴ്സിങ് ഓഫീസർ വെങ്കിടേഷ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സുനിൽ കുമാർ എന്നിവർ അടിയന്തര പരിചരണം ഉറപ്പാക്കി.
നവംബർ 12-ന് രാത്രി 2 മണിയോടെ ഗർഭിണിക്ക് ശക്തമായ നടുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് മെഡിക്കൽ സംഘം ഉന്നതിയിലെ വീട്ടിലെത്തി പരിശോധന നടത്തി. പ്രസവവേദനയാണെന്ന് സംശയിച്ചതിനെ തുടർന്ന് യുവതിയെ അടിയന്തിരമായി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
അടിമാലി താലൂക്ക് ആശുപത്രിയിലെ പരിശോധനയിൽ പ്രസവവേദനയാണെന്ന് സ്ഥിരീകരിച്ചു. ഗൈനക്കോളജിസ്റ്റ് ഡോ. സോളി പി. മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം ആവശ്യമായ മരുന്നുകളും വിദഗ്ധപരിചരണവും നൽകി. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30-ന് 2.5 കിലോഗ്രാം ഭാരമുള്ള കുഞ്ഞിന് യുവതി ജന്മം നൽകി.
പ്രഥമശുശ്രൂഷ മുതൽ ആശുപത്രിവരെ വേഗത്തിലുള്ള ഇടപെടലിലൂടെ അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ ഒരുപോലെ രക്ഷിക്കാനായ ആരോഗ്യപ്രവർത്തകരെ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.








































































































































































































































































































































