എല്‍ഡിഎഫിന് കനത്ത തിരിച്ചടി; തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ഉയിര്ത്തെഴുന്നേല്പ്
തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ ഏറ്റ കനത്ത തിരിച്ചടി എൽഡിഎഫിന്റെ മൂന്നാം തുടർച്ചയായ ഭരണ ലക്ഷ്യത്തിന് വലിയ വെല്ലുവിളിയാകുന്നു. ജില്ലാ പഞ്ചായത്തുകൾ, കോർപ്പറേഷനുകൾ, നഗരസഭകൾ എന്നിവിടങ്ങളിൽ നേരിട്ട പരാജയം ഇടതുപക്ഷത്തെ ആഴത്തിലുള്ള രാഷ്ട്രീയ പുനർവായനയിലേക്ക് നയിക്കുമെന്ന സൂചനകളാണ് ഉയരുന്നത്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഉണ്ടായ തിരിച്ചടി ഭരണവിരുദ്ധ വികാരത്തിന്റെ മുന്നറിയിപ്പായിരുന്നെങ്കിലും, സിപിഐഎം സംസ്ഥാന നേതൃത്വം അത് അവഗണിച്ചുവെന്ന വിമർശനവും ഇപ്പോൾ ശക്തമാകുകയാണ്.
നാല് മാസത്തിനകം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലായി വിശേഷിപ്പിച്ച തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഉണ്ടായ ഈ ദയനീയ പ്രകടനം സംസ്ഥാനത്ത് രാഷ്ട്രീയ മാറ്റം അനിവാര്യമാകുന്നുവെന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. വികസനവും ക്ഷേമ പ്രവർത്തനങ്ങളും മുൻനിരയിൽ എത്തിക്കാൻ കഴിയാതെ വിവാദങ്ങൾ മാത്രം നിറഞ്ഞ പ്രചാരണമാണ് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തെ പിന്നിലാക്കിയത്.
രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട ലൈംഗിക ആരോപണം തിരഞ്ഞെടുപ്പ് ആയുധമാക്കിയിട്ടും നഗര മേഖലകളിൽ എൽഡിഎഫിന് പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനായില്ല. വാർഡ് വിഭജനം ഉൾപ്പെടെ കൃത്യമായ രാഷ്ട്രീയ കണക്കുകൂട്ടലുകൾ നടത്തിയിട്ടും ഇടതുപക്ഷത്തിന് അത് ഗുണകരമായില്ലെന്നതാണ് ഫലങ്ങൾ വ്യക്തമാക്കുന്നത്. മറുവശത്ത്, ശബരിമല സ്വർണ്ണക്കൊള്ള വിഷയത്തെ ശക്തമായി ഉയർത്തിയ യുഡിഎഫ്, ഇടതുപക്ഷത്തിന് ഗുരുതരമായ രാഷ്ട്രീയ ആഘാതമാണ് സൃഷ്ടിച്ചത്.
മുസ്ലിം, ക്രിസ്ത്യൻ ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ള പിന്തുണ ഇടതുപക്ഷത്തിന് നഷ്ടമായതും ഈ തിരഞ്ഞെടുപ്പിലെ നിർണായക ഘടകമായി. പ്രത്യേകിച്ച് മധ്യകേരളത്തിൽ കേരള കോൺഗ്രസ് (എം) സഹകരണത്തിലൂടെ വലിയ രാഷ്ട്രീയ മേൽക്കൈ ഉണ്ടാകുമെന്ന സിപിഐഎമ്മിന്റെ വിലയിരുത്തൽ പൂർണ്ണമായും തെറ്റിപ്പോയി. പാലാ നഗരസഭയിൽ പോലും കേരള കോൺഗ്രസ് (എം) പരാജയപ്പെട്ടത് ഇടതുപക്ഷത്തിന് വലിയ തിരിച്ചടിയായി.
കോട്ടയം ജില്ലയിൽ യുഡിഎഫ് തദ്ദേശ സ്ഥാപനങ്ങൾ മുഴുവൻ പിടിച്ചെടുത്തതും ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രങ്ങളിൽ പോലും രാഷ്ട്രീയ അടിത്തറ ദുർബലമായെന്ന സൂചന നൽകുന്നു. പാലാ നഗരസഭയിൽ സിപിഐഎമ്മിൽ നിന്ന് വിട്ടുനിന്ന ബിനു പുളിക്കക്കണ്ടത്തിന്റെ പിന്തുണയുള്ള സ്ഥാനാർഥികളുടെ വിജയം, എൽഡിഎഫിന്റെ ഭരണം നഷ്ടമാക്കാൻ കാരണമായി.
ജില്ലാ പഞ്ചായത്തുകളിൽ മലപ്പുറം ഒഴികെ എല്ലാം പിടിച്ചെടുക്കുമെന്ന സിപിഐഎമ്മിന്റെ കണക്കുകൂട്ടൽ പാളി. കൈവശമുണ്ടായിരുന്ന ജില്ലാ പഞ്ചായത്തുകൾ പോലും നഷ്ടമായത് ഇടതുപക്ഷത്തെ ഞെട്ടിച്ചിരിക്കുകയാണ്. കോർപ്പറേഷനുകളിൽ കണ്ണൂർ ഒഴികെ മറ്റെല്ലായിടത്തും എൽഡിഎഫ് ഭരണം നഷ്ടപ്പെടുത്തി.
കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിലെ പരാജയത്തിൽ നിന്ന് നേതൃത്വം പാഠം പഠിച്ചില്ലെന്ന വിമർശനമാണ് ഇപ്പോൾ പാർട്ടി അകത്തും പുറത്തും ഉയരുന്നത്. തൃശൂരിൽ ബിജെപിയുടെ വിജയത്തിന് വഴിയൊരുക്കിയ സിപിഐഎം, ഇത്തവണ തിരുവനന്തപുരം കോർപ്പറേഷൻ പിടിക്കാൻ ബിജെപിക്ക് വഴിയൊരുക്കിയെന്ന ആരോപണവും ശക്തമാകുകയാണ്.
ഈ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം എൽഡിഎഫിന് ഇതുവരെ നേരിട്ടതിൽ വച്ച് ഏറ്റവും വലിയ രാഷ്ട്രീയ മുന്നറിയിപ്പായാണ് വിലയിരുത്തപ്പെടുന്നത്.









































































































































































































































































































































