തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് എൻ. ശക്തൻ രാജി സമർപ്പിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് എൻ. ശക്തൻ രാജി സമർപ്പിച്ചു. രാജിക്കത്ത് കെപിസിസി നേതൃത്വത്തിന് കൈമാറിയെങ്കിലും നേതൃത്വം ഇത് ഔദ്യോഗികമായി സ്വീകരിച്ചിട്ടില്ല. വിഷയത്തിൽ അനുനയ ചർച്ച നടത്താൻ കെപിസിസി അധ്യക്ഷൻ ശക്തനുമായി കൂടിക്കാഴ്ച നടത്തും.
പാലോട് രവി രാജിവെച്ചതിന് ശേഷം താൽക്കാലികമായി 10 ദിവസത്തേക്ക് നൽകിയ ചുമതല മൂന്ന് മാസത്തോളം നീണ്ടുനിൽക്കുകയും, ഈ കാലയളവിൽ തന്നെ സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്നും കെപിസിസി വൈസ് പ്രസിഡന്റ് പദവി തിരികെ നൽകണമെന്നുമുള്ള ആവശ്യവുമായി ശക്തൻ നേരത്തെ നേതൃത്വത്തെ സമീപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുന്ഷിയെയും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെയും അദ്ദേഹം ബന്ധപ്പെട്ടത്.
നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള താൽപര്യമാണ് ശക്തൻ തുറന്നുപറഞ്ഞിട്ടുള്ളത്. വരാനിരിക്കുന്ന തദ്ദേശവും നിയമസഭാ തിരഞ്ഞെടുപ്പും മുന്നിൽ കണ്ടാൽ ഡിസിസി അധ്യക്ഷസ്ഥാനത്ത് പൂർണ സമയം ഇടപെടാൻ കഴിയുന്ന വ്യക്തി വേണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ട്. തന്റെ സ്ഥാനത്ത് കൂടുതൽ സജീവമായി പ്രവർത്തിക്കാൻ കഴിയുന്ന നേതാവിനെ നിയോഗിക്കണമെന്നതാണ് ശക്തൻ നേതൃത്വത്തിന് അറിയിച്ചിരിക്കുന്ന പ്രധാന കാര്യം.









































































































































































































































































































































